രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും ബിജെപി ജയിക്കും: മനേക ഗാന്ധി

By Web TeamFirst Published Mar 31, 2019, 3:12 PM IST
Highlights

കർണ്ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടാൻ ലക്ഷ്യമിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് ഇന്നാണ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്

ദില്ല: ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെ കേരളത്തിൽ വയനാട്ടിലും മത്സരിക്കാനുളള രാഹുൽ ഗാന്ധിയുടെ തീരുമാനം രാജ്യമൊട്ടാകെ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ബിജെപിക്കെതിരെയല്ല, ഇടതുമുന്നണിക്കെതിരെയാണെന്ന ആരോപണം ഇടത് പാളയത്തിൽ നിന്നും ഉയർന്നുകഴിഞ്ഞു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ മാറ്റാനും തീരുമാനിച്ചു.

തൃശ്ശൂർ സീറ്റിൽ മത്സരിക്കാനിരുന്ന ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാകുന്നത്. ഉത്തർപ്രദേശിലെ അമേഠിയിൽ സ്മൃതി ഇറാനി ഇക്കുറി രാഹുലിനെ പരാജയപ്പെടുത്തുമെന്നുളള വാശിയിലാണ്. ഈ രണ്ട് സീറ്റിലും രാഹുൽ ഗാന്ധിയെ എൻഡിഎ സ്ഥാനാർത്ഥികൾ പരാജയപ്പെടുത്തുമെന്നാണ് നേതാവ് മനേക ഗാന്ധിയുടെ വാദം.

വാർത്താ ഏജൻസിയായ എഎൻഐയാണ് മനേകാ ഗാന്ധിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേഠിയിൽ തോൽക്കുമെന്ന് ഭയന്നിട്ടാണോ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോകുന്നതെന്നായിരുന്നു മനേക ഗാന്ധിയോട് ചോദിച്ചത്. "അദ്ദേഹത്തിന് രാജ്യത്ത് എവിടെയും മത്സരിക്കാം. അങ്ങിനെ മത്സരിക്കുന്നത് ഭയം കൊണ്ടാണെന്ന് ഞാനെങ്ങിനെ പറയും. എനിക്കറിയാവുന്നത് ഇത്ര മാത്രമാണ്. രണ്ട് സീറ്റുകളിലും ഞങ്ങൾ വിജയിക്കും," മനേക പറഞ്ഞു.

click me!