Latest Videos

ഓർമ്മയുണ്ടോ പ്രധാനമന്ത്രിക്ക് ഈ സൈനികനെ? വാരാണസിയിൽ മോദിക്കെതിരെ തേജ് ബഹാദൂറിനെ ഇറക്കി മഹാസഖ്യം

By Web TeamFirst Published Apr 29, 2019, 5:28 PM IST
Highlights

അതിർത്തി കാക്കുന്ന പട്ടാളക്കാർക്ക് മോശം ഭക്ഷണം നൽകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിലൂടെയാണ് തേജ് ബഹാദൂർ യാദവെിന്‍റെ പേര് രാജ്യം അദ്യമായി ചർച്ച ചെയ്തു തു‍ടങ്ങുന്നത്. 

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി പഴയ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് രംഗത്തിറങ്ങുകയാണ്.

പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്ന, മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട വാരാണസിയിൽ  നിലവിലെ സ്ഥാനാർത്ഥിയെ പിൻവലിച്ചാണ് പഴയ ബിഎസ്എഫുകാരനെ മഹാ സഖ്യം തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കുന്നത്. 

മഹാ സഖ്യത്തിന്‍റെ കരുത്തിൽ പ്രധാനമന്ത്രിയെ നേരിടുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ വാർത്തകളിൽ നിറയുന്നതിനും ഏറെ മുൻപ് തന്നെ തേജ് ബഹാദൂർ യാദവ് എന്ന 29ാം ബറ്റാലിയനിലെ പഴയ ബിഎസ്എസഫ് ജവാൻ  രാജ്യത്തെ ചൂടേറിയ ചർച്ചാ വിഷയമായിട്ടുണ്ട്. 

അതിർത്തി കാക്കുന്ന പട്ടാളക്കാർക്ക് മോശം ഭക്ഷണം നൽകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിലൂടെയായിരുന്നു തേജ് ബഹാദൂർ യാദവെിന്‍റെ പേര് രാജ്യം അദ്യമായി ചർച്ച ചെയ്തു തു‍ടങ്ങുന്നത്. 

2017 ജനുവരിയിലാണ് ബിഎസ് എഫ് ജവാൻമാർ കഴിക്കുന്നത് മോശം ഭക്ഷണമാണെന്ന് കാണിച്ച് തേജ് ബഹാദൂർ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. കരിഞ്ഞ റൊട്ടിയും മഞ്ഞള്‍പ്പൊടി കലക്കിയ പരിപ്പുകറിയും കഴിച്ച് ദിവസങ്ങളോളം കഴിയേണ്ടിവരുന്ന ജവാന്മാരുടെ ദുരവസ്ഥ തെളിവ് സഹിതം പുറംലോകത്തെ അറിയിക്കാൻ തേജ് ബഹാദൂറിന് തന്‍റെ വീ‍ഡിയോയിലൂടെ കഴിഞ്ഞു. 

സംഭവം വലിയ വിവാദമായി. കേന്ദ്ര അഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വിവാദത്തിൽ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ തേജ് ബഹാദൂർ സ്ഥിരം 'പ്രശ്നക്കാരനാ'ണെന്നായിരുന്നു ബിഎസ്എഫിലെ ഉന്നതരുടെ നിലപാട്. സംഭവം അന്വേഷിച്ച ആഭ്യന്തര മന്ത്രാലയം തേജ് ബഹാദൂറിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തി.
 
പട്ടാളക്കോടതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തേജ് ബഹാദൂർ യാദവിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ക്യാമ്പിലെ ദുരവസ്ഥ പുറത്തെത്തിച്ചതിന്‍റെ പേരിലുള്ള പ്രതികാര നടപടിയായാണ് തന്നെ പുറത്താക്കിയതെന്ന് തേജ് ബഹാദൂർ തുറന്നടിച്ചു. വീഡിയോ അടക്കമുള്ള തെളിവുകൾ ഇപ്പോഴും തന്‍റെ കയ്യിലുണ്ടെന്നും ഇതൊന്നും ആരും പരിശോധിച്ചില്ലെന്നും തേജ് ബഹാദൂർ ആരോപിച്ചു.

എന്നാൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടപ്പോഴും തേജ് ബഹാദൂർ വെറുതെ ഇരുന്നില്ല. സൈനിക വേഷം അഴിച്ചു വെച്ച അദ്ദേഹം രാജ്യതലസ്ഥാനത്തെ സ്ഥിരം സമരേവദിയായ ജന്തര്‍ മന്ദിറിൽ അഴിമതിക്കെതിരെ സമരത്തിനിറങ്ങി. 

'പ്രതിനിധി പരിവാർ' എന്ന സംഘടനക്ക് കീഴിലാണ്  തേജ് ബഹാദൂർ തന്‍റെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയത്. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടതിനിതിരെ അപ്പീല്‍ പോകാൻ അവസരമുണ്ടായിരുന്നിട്ടും അതിന് മുതിരാതെയായിരുന്നു ജന്തർ മന്ദിറിൽ തേജ് ബഹാദൂർ തന്‍റെ ആദ്യ സമരം തുടങ്ങിയത്.

17ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ വിജ്ഞാപനമിറങ്ങിയത് മുതൽ തന്നെ വാരണസിയിൽ മോദിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജവനിധി തേടുമെന്ന് തേജ് ബഹാദൂർ യാദവ് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കുകയാണെന്ന ലക്ഷ്യത്തോടെയാണ് കരുത്തനായ പ്രധാനമന്ത്രിക്കെതിരെ നേരിട്ട് പോരിനിറങ്ങുന്നതെന്നാണ് തേജ് ബഹാദൂർ അന്ന് പറഞ്ഞത്.

തേജ് ബഹാദൂർ യാദവിന്‍റെ ഈ അഴിമതി വിരുദ്ധ പോരാട്ടങ്ങളും പഴയ പട്ടാളക്കാരനെന്ന ഇമേജും വോട്ടാക്കി മാറ്റാമെന്ന ഉദ്ദേശ്യത്തിലാണ് നിലവിലെ സ്ഥാനാർത്ഥിയായ ശാലിനി യാദവിനെ മാറ്റിയുള്ള രാഷ്ട്രീയ പരീക്ഷണത്തിന് മഹാ സഖ്യത്തെ പ്രേരിപ്പിച്ചത്. 

ദേശീയതയിലൂന്നി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്നതാണ് തേജ് ബഹാദൂറിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തിലൂടെ മഹാസഖ്യം ലക്ഷ്യമിടുന്നത്.   

click me!