
ലഖ്നൗ: പാർട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് സംബന്ധിച്ച് പാർട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് താനെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പാർട്ടി എന്താണോ പറയുന്നത് അത് താൻ ചെയ്യുമെന്ന കാര്യം ആവര്‍ത്തിച്ച് പറയുകയാണ്. ജനങ്ങൾ സമ്മർദ്ദത്തിലാണെന്നും ഒരു മാറ്റം അവർ ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടേയും അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് പ്രചാരാണാർഥം അമേഠിയിലും റായ്ബറേലിയിലും സന്ദർശനം നടത്തുകയാണ് പ്രിയങ്ക ഗാന്ധി.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. വാരണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. മത്സര സാധ്യത തള്ളാതെയാണ് പ്രിയങ്കയുടെ പ്രതികരണം എന്നത് വളരെ ശ്രദ്ധേയമാണ്.