ഇന്ത്യയ്ക്ക് പുതിയ പ്രധാനമന്ത്രിയെ നൽകും, അത് മുലായം സിങ് യാദവ് ആയിരിക്കില്ല: അഖിലേഷ്

By Web TeamFirst Published May 2, 2019, 11:59 AM IST
Highlights

പ്രധാനമന്ത്രി പദത്തിലേക്ക് സമാജ്‌വാദി പാർട്ടി മുലായം സിങ് യാദവിന്റെ പേര് പരിഗണിക്കുന്നില്ലെന്ന് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്

ദില്ലി: രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സമാജ്‌വാദി പാർട്ടി മുലായം സിങ് യാദവിനെ പരിഗണിക്കുന്നില്ലെന്ന് മകനും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ആര് പ്രധാനമന്ത്രിയാകണം എന്ന കാര്യം തെരഞ്ഞെടുപ്പിൽ അന്തിമ സീറ്റ് നില പുറത്തുവന്ന ശേഷമേ പ്രഖ്യാപിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ ഒരൊറ്റയാളേയുള്ളൂ. എന്നാൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനാണ് ഞങ്ങളുടെ ശ്രമം. അന്തിമ സീറ്റ് നില പുറത്തുവന്ന ശേഷം ഞങ്ങൾ ആര് പ്രധാനമന്ത്രിയാകണം എന്ന കാര്യം ചർച്ച ചെയ്യും.

കേന്ദ്ര സർക്കാരിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന പാർട്ടിയായി സമാജ്‌വാദി പാർട്ടി വളരണം എന്നാണ് തന്റെ താത്പര്യമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വിജയം നേടാനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

click me!