
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിൽ മത്സരിക്കുന്നത് 185 സ്ഥാനാർത്ഥികൾ. ഇവരിൽ 170 പേരും കർഷകരാണ്. ഇത്രയും പേരുടെ സ്ഥാനാർത്ഥിത്വം അക്ഷരാർത്ഥത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ വലച്ചു. എല്ലാ ബൂത്തുകളിലും കൂടുതൽ പോളിങ് മെഷീനുകൾ വേണ്ടി വരുമെന്നതിനാൽ തെരഞ്ഞെടുപ്പ് ചെലവിൽ ഏറ്റവും കുറഞ്ഞത് 15 കോടിയുടെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മൂന്ന് കോടി രൂപ വീതമാണ് ശരാശരി തെരഞ്ഞെടുപ്പ് ചിലവ് പ്രതീക്ഷിച്ചിരുന്നത്. ആകെ 21 കോടി രൂപ. എന്നാൽ സ്ഥാനാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ 15 കോടി അധികമായി വേണ്ടിവരും.
കൂടുതൽ വോട്ടിങ് മെഷീനുകളും, വിവിപാറ്റ് മെഷീനുകളും ആവശ്യമായി വരുന്നതാണ് തെരഞ്ഞെടുപ്പ് ചിലവ് വർദ്ധിപ്പിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൂടുതൽ മെഷീനുകൾ ഉണ്ടെങ്കിൽ ഒരു ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് ആവശ്യത്തിന് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സന്നദ്ധമായി വയ്ക്കാറുണ്ട്.
തെലങ്കാന സർക്കാർ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതാണ് കർഷകരുടെ പ്രതിഷേധത്തിന് കാരണമായത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥി. സാധാരണ 15 -16 എഞ്ചിനീയർമാരെയാണ് ഒരു മണ്ഡലത്തിലേക്ക് നിശ്ചയിക്കാറുള്ളത്. നിസാമാബാദിൽ ഇത് 600 ആണ്.