യെച്ചൂരി വയനാട്ടിലേക്ക്; രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം നടത്തും

By Web TeamFirst Published Apr 3, 2019, 2:26 PM IST
Highlights

ദക്ഷിണേന്ത്യയിലെ സീറ്റില്‍ നിന്നും കൂടി മത്സരിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചത് യെച്ചൂരിയാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുന്ന സാഹചര്യത്തില്‍ ദേശീയനേതാക്കളെ രംഗത്തിറക്കി പ്രചാരണം സജീവമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ സിപിഎം പ്രചാരണം നയിക്കാന്‍ വയനാട്ടിലെത്തും.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം രൂക്ഷമായി എതിര്‍ക്കുമ്പോഴും വയനാട്ടില്‍ പ്രചാരണം നടത്താനെത്തുന്ന നേതാക്കളുടെ പട്ടികയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും ഇല്ലാതിരുന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും സജീവമായ ചര്‍ച്ചയായിരുന്നു. 

ദക്ഷിണേന്ത്യയിലെ സീറ്റില്‍ നിന്നും കൂടി മത്സരിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചത് യെച്ചൂരിയാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രീതിയില്‍ ചര്‍ച്ച വഴി മാറുന്നത് ഒഴിവാക്കുകയും രാഹുലിനെ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നേരിടുകയും ചെയ്യുന്നുവെന്ന സന്ദേശം നല്‍കുക എന്നത് കൂടി മുന്നില്‍ കണ്ടാണ് യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെ സിപിഎമ്മും സിപിഐയും രംഗത്തിറക്കുന്നത്. 

യെച്ചൂരി കൂടി വരുന്നതോടെ എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ ഗ്ലാമര്‍ മണ്ഡലമായി വയനാട് മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ വയനാട്ടില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അതിനിടെ വയനാട് സീറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. 
 

click me!