കല്യാണപ്പന്തലിലും വോട്ടുപിടുത്തം; വയനാട്ടിലെ രാഹുൽ എഫക്ട് ഇങ്ങനെയും

By Web TeamFirst Published Apr 12, 2019, 9:53 AM IST
Highlights

രാജീവ് മടാരി എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്വന്തം കല്യാണപ്പന്തല്‍ പോലും വോട്ടഭ്യര്‍ത്ഥനക്കുള്ള വേദിയാക്കി. കല്യാണച്ചടങ്ങ് ഏതാണ്ടൊരു തെരഞ്ഞെടുപ്പ് കൺവെൻഷൻ പോലെ ആക്കിക്കളഞ്ഞു രാജീവും സഹപ്രവർത്തകരും.

വയനാട്: രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായി എത്തിയതോടെ വയനാട്ടിലെ കോൺഗ്രസുകാർ പറ്റുന്നിടത്തെല്ലാം വോട്ടുപിടുത്തമാണ്. അങ്ങാടിയിലും  കവലയിലും കല്യാണവീട്ടിലും ഒരുപോലെ മുഴുവൻ സമയ വോട്ടുപിടുത്തം.  രാജീവ് മടാരി എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്വന്തം കല്യാണപ്പന്തല്‍ പോലും വോട്ടഭ്യര്‍ത്ഥനക്കുള്ള വേദിയാക്കി. കല്യാണച്ചടങ്ങ് ഏതാണ്ടൊരു തെരഞ്ഞെടുപ്പ് കൺവെൻഷൻ പോലെ ആക്കിക്കളഞ്ഞു രാജീവും സഹപ്രവർത്തകരും.

നിലമ്പൂര്‍ എടക്കരയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് രാജീവ് മടാരി. രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളുമായാണ് രാജീവിന്‍റെ കൂട്ടുകാർ കല്യാണത്തിന് എത്തിയത്. വരനും കൂട്ടരും വധു ധനിലയുടെ വീട്ടിലേക്ക് കല്യാണത്തിന് പുറപ്പെട്ടതും വഴിനീളെ വോട്ട് ചോദിച്ച്. കല്യാണം കഴിഞ്ഞ് വധൂവരന്‍മാർക്കൊപ്പമുള്ള ഫോട്ടോ സെഷനിലും പിന്നിൽ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ. 

ഫോട്ടോ എടുപ്പെല്ലാം കഴിഞ്ഞ് വരനും വധുവും മണ്ഡലത്തിൽ നിന്നിറങ്ങി അതിഥികളുടെ അടുത്തേക്ക് ചെന്നു. അനുഗ്രഹം തേടുന്നതിനൊപ്പം അതിഥികൾക്ക് നോട്ടീസ് വിതരണം ചെയ്ത് രാഹുലിനായി വോട്ടഭ്യർത്ഥനയും നടത്തി. പോസ്റ്ററുകളുമായി കൂട്ടുകാരുമുണ്ടായിരുന്നു വധൂവരന്‍മാർക്കൊപ്പം. കല്യാണം കഴിഞ്ഞ് നവദമ്പതികൾ എടക്കരയിലെ വീട്ടിലേക്ക് മടങ്ങിയതാവട്ടെ രാഹുൽ ഗാന്ധിയുടെ പോസ്റ്റർ പതിച്ച കാറിലും. അങ്ങനെ സ്വന്തം കല്യാണ ദിവസം പോലും രാജീവ് വോട്ടുപിടുത്തം മുടക്കിയില്ല. അല്ലെങ്കിൽ കല്യാണം തന്നെ വോട്ടുപിടിക്കാനുള്ള വഴിയാക്കിയെന്നും പറയാം.

click me!