എയര്‍ ഇന്ത്യയില്‍ ഇനി 100 ശതമാനം പ്രവാസി നിക്ഷേപം

By Web TeamFirst Published Mar 4, 2020, 5:34 PM IST
Highlights

തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ 49 ശതമാനമായിരുന്നു എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. 
 

ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വാങ്ങാം. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ 49 ശതമാനമായിരുന്നു എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. 

വിദേശ നിക്ഷേപ പരിധിയില്‍ മാറ്റം വരുത്തുന്നതിന് വ്യോമയാനമന്ത്രാലയം ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ ദിവസേന ഇരുപത് കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് 60,000 കോടി രൂപയിലധികം കടബാധ്യതയാണുള്ളത്. വായ്പ പലിശയിനത്തില്‍ മാത്രം പ്രതിമാസം 225 കോടി രൂപയാണ് എയര്‍ ഇന്ത്യ നല്‍കുന്നത്. ഈ സാഹചര്യത്തിലായിരുന്നു എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച് 17 ആണ് എയര്‍ ഇന്ത്യക്ക് വില പറയാനുള്ള അവസാന തീയ്യതി. 

ജൂണ്‍ മാസത്തോടെയെങ്കിലും എയര്‍ ഇന്ത്യ വാങ്ങാന്‍ ആരെങ്കിലും തയ്യാറായില്ലെങ്കില്‍ വിമാനക്കമ്പനി പൂട്ടേണ്ടിവരുമെന്നാണ് അഭ്യൂഹം. ഇന്‍ഡിഗോ, ഇത്തിഹാദ് എയര്‍വേയ്സ് എന്നിവ എയര്‍ ഇന്ത്യ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ടായിരുന്നു. 2011-12 സാമ്പത്തികവര്‍ഷം മുതല്‍ 2019 ഡിസംബര്‍ വരെ 30520 കോടിയിലധികം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്. 

click me!