
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസിയുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജൻ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്
കെഎസ്ആർടിസിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാൻ കൂടുതൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റും. 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റും. ഇതിനായി 300 കോടി രൂപയാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. ഈ ബജറ്റിൽ നൂറ് കോടി രൂപ ഇതിനായി വകയിരുത്തുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സിയാൽ എന്നിവയുടെ സഹകരണത്തോടെ ഹൈഡ്രജൻ ഇന്ധനമാക്കി ബസുകൾ ഓടിക്കാനുള്ള പരീക്ഷണം നടത്തും. പരീക്ഷ അടിസ്ഥാനത്തിൽ പത്ത് ബസുകളാവും ഇങ്ങനെ ഓടിക്കുക. ഈ പദ്ധതിയിലേക്ക് സർക്കാർ വിഹിതമായി പത്ത് കോടി വകയിരുത്തുന്നു. തൃശ്ശൂർ ജില്ലയിലെ പുതുക്കാട് കെഎസ്ആർടിസി മൊബിലിറ്റി ഹബും കൊല്ലത്ത് ആധുനിക ബസ് സ്റ്റാൻഡും സ്ഥാപിക്കാൻ കിഫ്ബിയിൽ തുക വകയിരുത്തും.