43 വര്‍ഷം പഴക്കമുള്ള ഓഹരിക്ക് 1400 കോടി രൂപ; ഉടമയ്ക്ക് പണം നല്‍കാതെ മുട്ടാപ്പോക്കുമായി കമ്പനി

By Web TeamFirst Published Sep 18, 2021, 11:53 AM IST
Highlights

1978ലാണ് തന്‍റെയും നാല് സഹോദരങ്ങളുടെയും പേരിൽ  കൊച്ചി സ്വദേശി വളവിയിൽ ബാബു ജോർജ് രാജസ്ഥാനിലെ മോവാർ ഓയിൽ മിൽസിന്‍റെ 3,500 ഓഹരികൾ വാങ്ങുന്നത്. ഇവയ്ക്ക് ഇന്നത്തെ വില 1400 കോടി രൂപയാണ്

43 വര്‍ഷം മുന്‍പ് വാങ്ങിയ ഓഹരിക്ക് ഇപ്പോള്‍ വന്‍ വില, എന്നാല്‍ മുട്ടാപ്പോക്കുമായി കമ്പനി. 43 വർഷം മുമ്പ് 35,000 രൂപയ്ക്ക് വാങ്ങിയ ഓഹരികൾക്ക് ഇന്നത്തെ വില 1,400 കോടി രൂപയാണ്. കൊച്ചിയിലെ വളവി കുടുംബത്തിനാണ് ഈ ലോട്ടറിയടിച്ചത്. എന്നാൽ ഓഹരികൾ 32 വർഷം മുമ്പ് വിറ്റെന്നും, പണം നൽകാനാവില്ലെന്നുമുള്ള നിലപാടിലാണ് കമ്പനിയുള്ളത്. ഇതിനെതിരെ സെബിയെ സമീപിച്ചിരിക്കുകയാണ് ഇവർ.

രാജസ്ഥാനിലെ മോവാർ ഓയിൽ മിൽസിന്‍റെ 3,500 ഓഹരികൾ തന്‍റെയും നാല് സഹോദരങ്ങളുടെയും പേരിൽ  കൊച്ചി സ്വദേശി വളവിയിൽ ബാബു ജോർജ് വാങ്ങിയത് 1978ലാണ്. 1993ൽ കമ്പനി ഓഹരി വിപണിയിൽ പ്രവേശിച്ച് പിഐ ഇൻഡസ്ട്രീസായി. ഇന്നത്തെ ഓഹരി വില 3,464 രൂപ. 78 മുതൽ ബോണസ് ഓഹരികളോ ലാഭവിഹിതമോ വാങ്ങാത്തതിനാൽ 3,500ൽ നിന്ന് ഓഹരികളുടെ എണ്ണം 42 ലക്ഷത്തോളമായി ഉയർന്നു. ഇതിന്‍റെ ഇന്നത്തെ മൂല്യം 1,400 കോടി രൂപ. 2015ലാണ് ബാബു ജോർജ് പഴയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെടുക്കുന്നത്. 

തുടർന്ന് ഓഹരികൾക്കായി കമ്പനിയെ സമീപിച്ചു. കിട്ടിയ മറുപടി ഡ്യൂപിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകി 1989ൽ ഓഹരികളെല്ലാം വിറ്റെന്നായിരുന്നു. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിൽ ഓഹരി കൈമാറ്റം നടത്താൻ പൊലീസ് എഫ്ഐആർ, സമ്മതപത്രം തുടങ്ങിയവ വേണം. ഇവിടെ ഇതൊന്നുമില്ല. ഇക്കാര്യങ്ങളെല്ലാം കാണിച്ച് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ നൽകിയ പരാതിയിലാണ് ഇനി ഈ കുടുംബത്തിന്‍റെ പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!