ക്രിക്കറ്റ് വെറുമൊരു കായിക വിനോദം മാത്രമല്ല, കോടികള്‍ മറിയുന്ന വന്‍ ബിസിനസ് സാമ്രാജ്യം കൂടിയാണെന്ന് തെളിയിക്കുകയാണ് ഐപിഎല്‍ ടീമുകള്‍. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനികളുടെ പട്ടികയായ '2025 ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500' ലിസ്റ്റില്‍ ഇത്തവണ അഞ്ച് ഐപിഎല്‍ ഫ്രാഞ്ചൈസികളാണ് ഇടം പിടിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിംഗ് വിഭാഗമായ 'ബര്‍ഗണ്ടി പ്രൈവറ്റും' 'ഹുറൂണ്‍ ഇന്ത്യയും' ചേര്‍ന്ന് തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളാണ് ഇന്ത്യയിലെ വമ്പന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്കൊപ്പം ഈ പട്ടികയില്‍ ഇടം നേടിയത്. ഈ അഞ്ച് ടീമുകളുടെയും ആകെ മൂല്യം മാത്രം 71,000 കോടി രൂപയിലധികമാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : പട്ടികയില്‍ ഏറ്റവും മുന്നിലുള്ള ഐപിഎല്‍ ടീം കൊല്‍ക്കത്തയാണ്. 20,850 കോടി രൂപ മൂല്യമുള്ള കെകെആര്‍ പട്ടികയില്‍ 270-ാം സ്ഥാനത്താണ്.
ചെന്നൈ സൂപ്പര്‍ കിങ്സ് : 19,550 കോടി രൂപ മൂല്യവുമായി ചെന്നൈ തൊട്ടുപിന്നാലെ 285-ാം സ്ഥാനത്തുണ്ട്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു : 16,700 കോടി രൂപ മൂല്യമുള്ള ആര്‍സിബി 330-ാം സ്ഥാനത്താണ്.
രാജസ്ഥാന്‍ റോയല്‍സ് : 15,700 കോടി രൂപ മൂല്യത്തോടെ രാജസ്ഥാന്‍ 343-ാം സ്ഥാനത്തെത്തി.
പഞ്ചാബ് കിങ്സ് : 14,050 കോടി രൂപ മൂല്യമുള്ള പഞ്ചാബ് ടീം 390-ാം സ്ഥാനത്താണ്.
ധനകാര്യ സേവനങ്ങള്‍, ഊര്‍ജ്ജം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ പരമ്പരാഗത മേഖലകളിലെ വമ്പന്‍ കമ്പനികള്‍ക്കൊപ്പമാണ് ഇപ്പോള്‍ കായിക വിനോദവും ഒരു വലിയ ബിസിനസായി വളര്‍ന്നിരിക്കുന്നത്. വന്‍ തുകയ്ക്കുള്ള മാധ്യമ സംപ്രേഷണാവകാശങ്ങള്‍, ടീമുകളുടെ വലിയ ആരാധകവൃന്ദം, സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍, ജേഴ്സിയും മറ്റ് സാധനങ്ങളും വില്‍ക്കുന്നതിലൂടെയുള്ള വരുമാനം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ ജനപ്രീതി എന്നിവയാണ് ഐപിഎല്‍ ടീമുകളുടെ മൂല്യം ഇത്രയധികം ഉയരാന്‍ കാരണം.
2025 ജൂണ്‍ 30 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ- പൊതുമേഖലാ ഇതര കമ്പനികളെ ഉള്‍പ്പെടുത്തി ഈ വാര്‍ഷിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങള്‍ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്‌പോര്‍ട്‌സ് ബിസിനസ് തുടങ്ങിയ പുതിയ കാലത്തെ മേഖലകളും ഇന്ത്യയുടെ കോര്‍പ്പറേറ്റ് ലോകത്ത് കരുത്താര്‍ജിക്കുന്നതിന്റെ തെളിവാണ് ഈ പുതിയ റിപ്പോര്‍ട്ട്.