
ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് പങ്കാളിത്തമുള്ള 'കാര്‍ട്ടല്‍ ബ്രദേഴ്സ്' പുറത്തിറക്കുന്ന വിസ്‌കിക്ക് 'ഗോഡ്ഫാദര്‍' എന്ന പേര് ഉപയോഗിക്കുന്നതിന് ദില്ലി ഹൈക്കോടതിയുടെ വിലക്ക്. പ്രമുഖ മദ്യ നിര്‍മ്മാതാക്കളായ ദേവന്‍സ് മോഡേണ്‍ ബ്രൂവറീസ് നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ 40 വര്‍ഷമായി ദേവന്‍സ് മോഡേണ്‍ ബ്രൂവറീസ് 'ഗോഡ്ഫാദര്‍' എന്ന പേരില്‍ ബിയര്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ടെന്നും, ഈ ട്രേഡ്മാര്‍ക്ക് അവരുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. 'ഗോഡ്ഫാദര്‍', 'ഓള്‍ഡ് വാറ്റ്' തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ തങ്ങളുടേതാണെന്നും 'ഗോഡ്ഫാദര്‍' എന്നതിന്റെ രജിസ്റ്റേര്‍ഡ് ട്രേഡ്മാര്‍ക്ക് തങ്ങളുടെ പേരിലാണെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിപണിയില്‍ തങ്ങള്‍ക്കുള്ള സല്‍പ്പേര് മുതലെടുക്കാന്‍ കാര്‍ട്ടല്‍ ബ്രദേഴ്സ് ഈ പേര് ബോധപൂര്‍വ്വം ഉപയോഗിക്കുകയാണെന്നും അവര്‍ വാദിച്ചു.
കാര്‍ട്ടല്‍ ബ്രദേഴ്സിന് മോശം ഉദ്ദേശങ്ങൾ ഇല്ലായിരുന്നെങ്കില്‍ കൂടി, ഈ പേര് ഉപയോഗിക്കുന്നത് ദേവന്‍സ് ബ്രൂവറീസിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും, കാര്‍ട്ടല്‍ ബ്രദേഴ്സിന് ഇത് അന്യായമായ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിസ്‌കിക്കായി 'ഗോഡ്ഫാദര്‍' അല്ലെങ്കില്‍ 'ഗോഡ്ഫാദേഴ്സ്' എന്നീ പേരുകള്‍ ഉപയോഗിക്കുന്നത് കോടതി തടഞ്ഞത്. കൂടാതെ, വെബ്സൈറ്റുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്ന് 'ഗോഡ്ഫാദര്‍' എന്ന പേരുള്ള വിസ്‌കിയുടെ എല്ലാ പരസ്യങ്ങളും പോസ്റ്റുകളും വിവരങ്ങളും നീക്കം ചെയ്യാനും കോടതി കാര്‍ട്ടല്‍ ബ്രദേഴ്സിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍, 'ഗോഡ്ഫാദര്‍' എന്ന പേര് ഒറ്റയ്ക്ക് ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും, തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് 'ദി ഗ്ലെന്‍വാക്ക് ബ്ലെന്‍ഡഡ് സ്‌കോച്ച് വിസ്‌കി' എന്നതില്‍ നിന്ന് 'ദി ഗ്ലെന്‍വാക്ക് ഗോഡ്ഫാദേഴ്സ് ബൈ സഞ്ജയ് ദത്ത്' എന്ന് മാറ്റിയിട്ടുണ്ടെന്നും കാര്‍ട്ടല്‍ ബ്രദേഴ്സ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. പുതിയ പേരിലും 'ഗോഡ്ഫാദര്‍' എന്നത് വളരെ വ്യക്തമായി തന്നെ കാണാമെന്നും, ഇത് കാണുന്ന ഒരു സാധാരണ ഉപഭോക്താവിന് രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 'ബൈ സഞ്ജയ് ദത്ത്' എന്ന് നല്‍കിയിട്ടുണ്ടെങ്കിലും 'ഗോഡ്ഫാദേഴ്സ്' എന്ന വാക്ക് തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ 40 വര്‍ഷമായി വിപണിയിലുള്ളതാണ് 'ഗോഡ്ഫാദര്‍' എന്ന ബ്രാന്‍ഡ്. അതിനാല്‍ തന്നെ, രണ്ട് ഉല്‍പ്പന്നങ്ങളും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ഒരു സാധാരണക്കാരന്‍ കാര്‍ട്ടല്‍ ബ്രദേഴ്സിന്റെ ഉല്‍പ്പന്നം കാണുമ്പോള്‍ അത് ദേവന്‍സ് ബ്രൂവറീസിന്റേതാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.