രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണോ ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണേ...

Published : Mar 01, 2025, 02:23 PM IST
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണോ ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണേ...

Synopsis

നമ്മുടെ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ സംഭവിക്കുന്ന ചെറിയ ചില പിഴവുകളാണ് ഇതിനു കാരണം. നിങ്ങളുടെ സാമ്പത്തികത്തെ ഒരു പരിധി വരെ തകര്‍ത്തു കളയാതെ, മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ നോക്കാം. 

ദിവസം കൂടുന്തോറും വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍, നമ്മുടെ സാമ്പത്തിക ശീലങ്ങള്‍ എന്നിങ്ങനെ പല കാര്യങ്ങളും നമ്മുടെ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. രണ്ടറ്റം കൂട്ടി മുട്ടിക്കാനായി കഷ്ടപ്പെടുന്നവരാണ് നാട്ടിലെ സാധാരണക്കാർ. അണുകുടുംബങ്ങളിൽപ്പോലും സ്ഥിതി വ്യത്യസ്തമല്ല. പലര്‍ക്കും ഇന്ന് പ്രധാന ജോലിക്കു പുറമേ ഒരു സൈഡ് ബിസിനസോ എക്സ്ട്രാ ഏര്‍ണിങ്സോ ഉണ്ടെങ്കില്‍പ്പോലും ഈ അവസ്ഥയ്ക്ക് മാറ്റമില്ല. ഇതെല്ലാം പോട്ടെ, തരക്കേടില്ലാത്ത ശമ്പളം കിട്ടുന്നുണ്ടെങ്കിലും മാസാവസാനമാകുമ്പോഴേക്ക് പോക്കറ്റ് കാലിയാകുന്നവരാണോ നിങ്ങള്‍? കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നോട്ടു പോയാലും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. നമ്മുടെ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങില്‍ സംഭവിക്കുന്ന ചെറിയ ചില പിഴവുകളാണ് ഇതിനു കാരണം. നിങ്ങളുടെ സാമ്പത്തികത്തെ ഒരു പരിധി വരെ തകര്‍ത്തു കളയാതെ, മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ നോക്കാം. 

നിങ്ങളുടെ പരിധികള്‍ അറിയുക 

വരവിനനുസരിച്ച് ചെലവു ചെയ്യുക എന്ന് ഇതിനെ സിംപിള്‍ ആയി പറയാം. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ചെലവുകള്‍ നിയന്ത്രിക്കുക. എല്ലാ മേഖലകളിലും ഒറ്റയടിക്ക് ചെലവ് ചുരുക്കുക എന്നതിനേക്കാള്‍ നല്ലത് നിങ്ങളുടെ വീക്ക് പോയിന്റ് കണ്ടെത്തി ചെലവ് ചുരുക്കലാണ്. ഉദാഹരണത്തിന് ഷോപ്പിംഗ് ക്രേസുള്ള ഒരാളാണ് നിങ്ങളെങ്കില്‍ അത് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കുക. അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുക. 

നിക്ഷേപങ്ങള്‍ തുടങ്ങാന്‍ മടിക്കല്ലേ!

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിക്ഷേപങ്ങൾ ചെറുപ്പത്തിലേ തുടങ്ങി വയ്ക്കുക എന്നുള്ളത്. നിങ്ങളെത്ര ചെറിയ ശമ്പളം മേടിക്കുന്ന ഒരാളാണെങ്കിലും നിങ്ങളാലാകുന്ന ഒരു ചെറിയ തുകയാണെങ്കില്‍പ്പോലും അത് കണ്‍സിസ്റ്റന്റ് ആയി നിക്ഷേപത്തിലേക്ക് തന്നെ കരുതി വയ്ക്കുക. ഒരു നിക്ഷേപത്തിൽ മാത്രം ശ്രദ്ധ ചെലുത്താതെ വിവിധ മേഖലകളിൽ നിക്ഷേപിക്കുക. സ്റ്റോക്ക്, ഇക്വിറ്റി, മ്യൂച്വൽ ഫണ്ട്, ബോണ്ടുകൾ, എഫ്ഡി, ആർ ഡി എന്നിങ്ങനെ നീളുന്ന നിക്ഷേപ മാർ​ഗങ്ങളിൽ നിങ്ങൾക്ക് യോജിച്ചത് ഏതാണോ അത് തെരഞ്ഞെടുക്കുക. മാർക്കറ്റിലെ റിസ്കുകൾ കൃത്യമായി തിരിച്ചറിഞ്ഞ് നിക്ഷേപിക്കുക. ഇതിനായി വിദ​ഗ്ദ സഹായം തേടാവുന്നതാണ്.

കടം വാങ്ങുന്ന ശീലം 

നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാനിങ്ങിൽ ചെയ്യാവുന്നതിൽ വച്ച് വലിയ ഒരു പിഴവാണിത്. പണം റോൾ ചെയ്ത് റോൾ ചെയ്ത് മാത്രം ജീവിക്കുന്ന ഒരാൾ എന്തായാലും നമ്മുടെ പരിചയത്തിലുണ്ടാകും. ഇത്തരക്കാർ എത്രയും പെട്ടെന്ന് ആ പരിപാടി നിർത്താനുള്ള വഴി നോക്കുക എന്നതാണ് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി. സാമ്പത്തികം ഒന്ന് ശ്രദ്ധിച്ചു പിടിച്ചാൽ പതിയെപ്പതിയെ ബാധ്യതകൾ കുറച്ച് ഈ റോളിങ്ങിൽ നിന്ന് പുറത്തു കടക്കാനാവും. 
 
ഉറപ്പായും വേണം എമർജൻസി ഫണ്ട് 

സാധാരണക്കാരോടുള്ള ചോദ്യമാണേ... അത്യാവശ്യമായി ഒറ്റയടിക്ക് കുറച്ചധികം പണം ആവശ്യം വന്നാല്‍ എന്തു ചെയ്യും? മെഡിക്കൽ ഇൻഷുറൻസ് എന്തെങ്കിലും കാരണത്താൽ പെട്ടെന്ന് ക്ലെയിം ചെയ്യാൻ പറ്റാതെയും എന്നാൽ നിങ്ങളുടെ ഏറ്റവുമടുത്ത ഒരാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയെന്നും കരുതുക. എന്ത് ചെയ്യും? ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരമാണ് എമര്‍ജന്‍സി ഫണ്ട് കയ്യില്‍ കരുതിയിരിക്കണം എന്നുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് നമ്മള്‍ മാറ്റി വയ്ക്കുന്ന ഒരു തുകയാണ് എമര്‍ജന്‍സി ഫണ്ട്. നിങ്ങളുടെ മറ്റ് നിക്ഷേപങ്ങളെയോ സേവിംഗ്സ് അക്കൗണ്ടുകളില്‍ക്കിടക്കുന്ന പണത്തെയോ ഒന്നും എമര്‍ജന്‍സി ഫണ്ടായി കണക്കാക്കാന്‍ കഴിയില്ല.
ഉദാഹരണത്തിന് നിങ്ങള്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന പണം പെട്ടെന്ന് ഒരു അത്യാവശ്യത്തിന് എടുക്കാന്‍ നോക്കുമ്പോൾ അതിന് വെയിറ്റിം​ഗ് പിരേഡ് പോലുള്ള നൂലാമാലകൾ ഉണ്ടായെന്നും വരാം. സേവ് ചെയ്ത് വച്ച പണമാകട്ടെ, അത് ഭാവിയിലേക്കുള്ള കരുതൽ തുകയാണ്. അതിലേക്ക് പണ നിക്ഷേപം കൂട്ടിക്കൂട്ടി വരികയാണ് ചെയ്യേണ്ടത്. എന്നാൽ എമർജൻസി ഫണ്ട് ഇടയ്ക്കിടെ റീഫിൽ ചെയ്യേണ്ടി വന്നേക്കാം. ഇതിനായി ഒരു പ്രത്യേക തുക കരുതി വച്ചാൽ പെട്ടെന്ന് വരുന്ന അത്യാഹിത സമയങ്ങളിൽ നിങ്ങളുടെ സേവിങ്സ് പൊട്ടിക്കേണ്ടി വരില്ല എന്നർത്ഥം. 

‌പെട്ടെന്നുള്ള ചിലവേറിയ പർച്ചേസ് 

പെട്ടെന്ന് തീരുമാനിക്കുന്ന വലിയ പർച്ചേസുകൾ പരമാവധി ഒഴിവാക്കുക. നിങ്ങളുടെ കൊക്കിലൊതൊതുങ്ങത് അല്ലാത്തതോ, ഇഎംഐകളായി അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നതോ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ സാമ്പത്തികം അസ്ഥിരതയിലാണ് പോയിക്കൊണ്ടിരിക്കുന്നതെങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നതാണ് നല്ലത്. പെട്ടെന്ന് വരുന്ന വലിയ ചെലവുകൾ അടുത്ത മാസം മുതലുള്ള നിങ്ങളുടെ മറ്റ് ഇഎംഐകൾ ഉൾപ്പെടെയുളള അടവുകളയെും, അതിന്റെ ഫലമായി ക്രെഡിറ്റ് സ്കോറിനെ വരെ ബാധിച്ചേക്കും. 

ഇപ്പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പ്രായോ​ഗികമാക്കി നോക്കിയാൽത്തന്നെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഏതാ‌ണ്ട് ശരിയായിത്തുടങ്ങും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം. 

സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണോ? മാര്‍ച്ചില്‍ മറക്കരുതേ ഈ കാര്യങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം
വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ഇന്‍ഡിഗോ ഓഹരികള്‍ കൂപ്പുകുത്തി; തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടം