2025 മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ചില പ്രധാന സാമ്പത്തിക ഇടപാടുകള്‍ ഇതാ

2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തിലേക്ക് പ്രവേശിക്കുകയാണ്. മാര്‍ച്ച് 31 എന്ന തീയതി നിരവധി കാരണങ്ങളാല്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ്. 2025 മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ചില പ്രധാന സാമ്പത്തിക ഇടപാടുകള്‍ ഇതാ

എഫ്ഡികളുടെ അവസാന തീയതി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് 6.50% ല്‍ നിന്ന് 6.25% ആയി കുറച്ചതിനെത്തുടര്‍ന്ന്, നിരവധി ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പല ബാങ്കുകളും പരിമിതമായ കാലയളവിലേക്ക് ഉയര്‍ന്ന പലിശ നിരക്കുകളുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആര്‍ബിഐ നിരക്ക് കുറച്ചതോടെ, ഈ പ്രത്യേക എഫ്ഡികള്‍ കൂടുതല്‍ കാലം തുടരാന്‍ സാധ്യതയില്ല. ഉയര്‍ന്ന വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ഈ പദ്ധതികള്‍ അവസാനിക്കുന്നതിനുമുമ്പ് നിക്ഷേപം നടത്താന്‍ ശ്രമിക്കേണ്ടതുണ്ട്. നിലവില്‍ ഈ പ്രത്യേക എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളില്‍ എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവ ഉള്‍പ്പെടുന്നു, അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്.

നികുതി ഇളവ് നേടാന്‍ നിക്ഷേപങ്ങള്‍

പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, 2025 മാര്‍ച്ച് 31 ന് മുമ്പ്, നികുതി ഇളവ് നേടുന്നതിനുള്ള നിക്ഷേപ പദ്ധതികള്‍ ആരംഭിക്കണം. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് , പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് , ടാക്സ് സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ (അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ ഉള്ളത്), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎല്‍എസ്എസ്) എന്നിവയുള്‍പ്പെടെ നിരവധി നിക്ഷപങ്ങള്‍ നികുതി ഇളവ് ഉറപ്പാക്കുന്നു.


ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക

ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണില്‍ തെറ്റ് വരുത്തിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും വരുമാനം വിട്ടുപോയിട്ടുണ്ടെങ്കില്‍ തിരുത്തലിനായി ഒരു അപ്ഡേറ്റ് ചെയ്ത റിട്ടേണ്‍ (ഐടിആര്‍-യു) ഫയല്‍ ചെയ്യാം. പുതുക്കിയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്.

എസ്ബിഐ അമൃത് കലശ്
എസ്ബിഐയുടെ '400 ദിവസത്തെ പ്രത്യേക കാലാവധി പദ്ധതിയായ അമൃത് കലശ്' 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു; മുതിര്‍ന്ന പൗരന്മാര്‍ക്ക്, പദ്ധതി പ്രകാരം 7.60% പലിശ ലഭിക്കും. 2025 മാര്‍ച്ച് 31 ആണ് അവസാന തീയതി

ഐഡിബിഐ ബാങ്ക്
ഐഡിബിഐ ഉത്സവ് എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്.

ഇന്ത്യന്‍ ബാങ്ക്

ഇന്ത്യന്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.05% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സ്കീമില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 31 ആണ്.