
ഇന്ന് പല ഇന്ത്യക്കാരും തങ്ങളുടെ വിരമിക്കല്‍ ജീവിതം ഇന്ത്യക്ക് പുറത്ത് ചിലവഴിക്കാന്‍ താല്പര്യപ്പെടുന്നുണ്ട്. മെച്ചപ്പെട്ട ആരോഗ്യപരിചരണ സംവിധാനങ്ങള്‍, കുറഞ്ഞ ജീവിതച്ചെലവ്, ലളിതമായ വിസ നിയമങ്ങള്‍ എന്നിവയാണ് ഇതിന് പ്രധാന കാരണം.
വിരമിച്ച ശേഷം ഇന്ത്യക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന പ്രധാനപ്പെട്ട 7 രാജ്യങ്ങളെ പരിചയപ്പെടാം:
1. തായ്ലന്‍ഡ്
50 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്ക് തായ്ലന്‍ഡ് റിട്ടയര്‍മെന്റ് വിസ നല്‍കുന്നുണ്ട്. നിശ്ചിത തുക ബാങ്ക് നിക്ഷേപമായോ മാസവരുമാനമായോ കാണിക്കണമെന്നുമാത്രം. കുറഞ്ഞ ചിലവില്‍ വീടുകള്‍ ലഭിക്കുമെന്നതും മികച്ച സ്വകാര്യ ആശുപത്രികളുടെ സാമീപ്യവും ബാങ്കോക്ക്, ചിയാങ് മായ് തുടങ്ങിയ നഗരങ്ങളെ പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ ഈ വിസയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല.
2. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്
55 വയസ്സ് കഴിഞ്ഞവര്‍ക്കാണ് യുഎഇ റിട്ടയര്‍മെന്റ് വിസ നല്‍കുന്നത്. സ്വന്തമായി വസ്തുവകകളോ, നിശ്ചിത ബാങ്ക് നിക്ഷേപമോ അല്ലെങ്കില്‍ കൃത്യമായ വരുമാനമോ ഉള്ളവര്‍ക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയിലേക്കുള്ള എളുപ്പത്തിലുള്ള വിമാന സര്‍വീസുകളും പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ്.
3. പോര്‍ച്ചുഗല്‍
യൂറോപ്പില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോര്‍ച്ചുഗലിലെ 'ഡി7 വിസ' തിരഞ്ഞെടുക്കാം. പെന്‍ഷനോ മറ്റ് വരുമാനമോ ഉള്ളവര്‍ക്കാണ് ഇത് ലഭിക്കുക. താമസസൗകര്യം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കണം. ഇതിലൂടെ പോര്‍ച്ചുഗലിലെ പൊതുജനാരോഗ്യ സേവനങ്ങളും ലഭ്യമാകും.
4. ശ്രീലങ്ക
55 വയസ്സ് കഴിഞ്ഞവര്‍ക്ക് ദീര്‍ഘകാല താമസത്തിന് ശ്രീലങ്ക അനുമതി നല്‍കുന്നു. ബാങ്കില്‍ നിശ്ചിത തുക നിക്ഷേപിക്കുകയും ജീവിതച്ചെലവിനുള്ള പണം കൃത്യമായി എത്തിക്കുകയും വേണം. ഇന്ത്യയോടുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യവും കുറഞ്ഞ ജീവിതച്ചെലവുമാണ് പ്രധാന ആകര്‍ഷണം.
5. മൗറീഷ്യസ്
50 വയസ്സ് കഴിഞ്ഞവര്‍ക്ക് മൗറീഷ്യസ് റിട്ടയര്‍മെന്റ് പെര്‍മിറ്റ് നല്‍കുന്നു. നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും വരുമാന രേഖകള്‍ ഹാജരാക്കുകയും വേണം. ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധവും സമാധാനപരമായ അന്തരീക്ഷവും മൗറീഷ്യസിനെ മികച്ചൊരു ഓപ്ഷനാക്കുന്നു.
6. മലേഷ്യ
'മലേഷ്യ മൈ സെക്കന്‍ഡ് ഹോം' എന്ന പദ്ധതിയിലൂടെയാണ് ഇവിടെ ദീര്‍ഘകാല താമസത്തിന് അനുമതി ലഭിക്കുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവിധ തലത്തിലുള്ള നിക്ഷേപ പദ്ധതികള്‍ ഇതിനുണ്ട്. ക്വാലാലംപൂര്‍, പെനാങ് തുടങ്ങിയ നഗരങ്ങള്‍ ആധുനികമായ ജീവിതശൈലിയും മികച്ച ചികിത്സാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
7. ഇന്തോനേഷ്യ
55 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്തോനേഷ്യ റിട്ടയര്‍മെന്റ് വിസ നല്‍കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ്, സാമ്പത്തിക ഭദ്രത എന്നിവയുടെ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കുറഞ്ഞ ചിലവില്‍ മികച്ച ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ബാലി പോലുള്ള സ്ഥലങ്ങള്‍ ഇന്തോനേഷ്യയില്‍ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഇവിടെയും ജോലി ചെയ്യാന്‍ അനുമതിയില്ല.