
ദില്ലി: ഈ മാസം അവസാനം നടക്കാനിരിക്കുന്ന 5G സ്പെക്‌ട്രം (5G spectrum) ലേലത്തിൽ പങ്കെടുക്കാൻ തയ്യാറായി അദാനി ഗ്രൂപ്പ് (Adani Group). ഇത് ടെലികോം വ്യവസായത്തിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ ചുവടുവെപ്പായിരിക്കും. 5G സ്പെക്‌ട്രം ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിനമായ ജൂലൈ 8-നാണ് അദാനി ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്.
രാജ്യത്തിന്റെ ഏത് ഭാഗത്തും മൊബൈൽ ആക്സസ് സേവനങ്ങളോ, ഡാറ്റ സേവനങ്ങളോ നൽകുന്നതിന് ഏകീകൃത ലൈസൻസ് ലഭിക്കുമെന്ന് ഉറപ്പ് നൽകുന്നിടത്തോളം, ഒരു പുതിയ സ്ഥാപനത്തിന് സ്പെക്ട്രത്തിന് അപേക്ഷിക്കാമെന്ന് അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള നിയമങ്ങളിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏകീകൃത ലൈസൻസ് ഒരു ഇന്ത്യൻ കമ്പനിക്ക് മാത്രമേ നൽകാനാകൂ എന്നും ഏതെങ്കിലും വിദേശ അപേക്ഷകൻ ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ, ഒരു ഇന്ത്യൻ കമ്പനി രൂപീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യണമെന്നും വ്യവസ്ഥകളിൽ പറയുന്നു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയും ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ് എന്നിവയുൾപ്പെടെ നിരവധി ബാൻഡുകളിലായി 5ജി എയർവേവുകൾ സർക്കാർ വിൽപ്പനയ്‌ക്ക് വെച്ചിട്ടുണ്ട്. 5G കൂടാതെ, 26 GHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz എന്നീ എയർവേവുകളും ലേലത്തിൽ ലഭ്യമാകും. ജൂലൈ 26 നാണ് ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ ലിസ്റ്റ് ജൂലൈ 20ന് സർക്കാർ പ്രഖ്യാപിക്കും.