എഐ യു​ഗത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനാകില്ല, എഐ ഡാറ്റാ സെന്ററുകൾക്കായി 100 ബില്യൺ ഡോളർ നിക്ഷേപവുമായി അദാനി

Published : Feb 18, 2026, 02:22 PM IST
Adani Group AI Data Centre

Synopsis

പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന, ഹൈപ്പർസ്കെയിൽ എഐ-റെഡി ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനാണ് അദാനി ഗ്രൂപ്പ് 100 ബില്യൺ ഡോളർ നിക്ഷേപിക്കുന്നത്

ദില്ലി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സെന്ററുകൾക്കായി 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇന്ത്യയുടെ ടെക്നോളജി രംഗത്ത് വൻ കുതിപ്പിനാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്. എഐയുടെ ഈ നൂറ്റാണ്ടിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനാവില്ല, മറിച്ച് അതിന് രൂപം നൽകുന്ന ശക്തിയാകുമെന്ന് ഗൗതം അദാനി എക്സിൽ കുറിച്ചു.

പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന, ഹൈപ്പർസ്കെയിൽ എഐ-റെഡി ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനാണ് അദാനി ഗ്രൂപ്പ് 100 ബില്യൺ ഡോളർ നിക്ഷേപിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ-കമ്പ്യൂട്ടിങ് സംയോജിത പദ്ധതികളിൽ ഒന്നാണിത്. 2035-ഓടെ ഈ നിക്ഷേപം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്റലിജൻസ് വിപ്ലവത്തിൽ ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി മാറ്റാൻ സഹായിക്കുന്ന ഒരു ദീർഘകാല പദ്ധതിയാണിതെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രവർത്തനങ്ങളെയും രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെയും പിന്തുണയ്ക്കുന്നതിനായി പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അദാനികണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശേഷി 5 ഗിഗാവാട്ടായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗൂഗിളുമായി ചേർന്ന് വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ക്യാമ്പസ് സ്ഥാപിക്കും. കൂടാതെ നോയിഡയിലും പുതിയ ക്യാമ്പസുകൾ വരും. മൈക്രോസോഫ്റ്റുമായി ചേർന്ന് ഹൈദരാബാദിലും പൂനെയിലും പദ്ധതികൾ നടപ്പാക്കും. മറ്റ് ആഗോള കമ്പനികളുമായും ഇന്ത്യയിൽ വലിയ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ട്. ഫ്ലിപ്കാർട്ടുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കും. ഇതിന്റെ ഭാഗമായി ഡിജിറ്റൽ കൊമേഴ്സ്, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ്, വലിയ എഐ വർക്ക്ലോഡുകൾ എന്നിവയെ പിന്തുണയ്ക്കുന്ന രണ്ടാമത്തെ എഐ ഡാറ്റാ സെന്റർ നിർമ്മിക്കും. 5 ഗിഗാവാട്ട് ശേഷി കൈവരിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്റർ പ്ലാറ്റ്‌ഫോമായി ഇത് മാറും. പുനരുപയോഗ ഊർജ്ജ ഉത്പാദനം, ട്രാൻസ്മിഷൻ, ഹൈപ്പർസ്കെയിൽ എഐ കമ്പ്യൂട്ടിങ് എന്നിവയെല്ലാം ഒരൊറ്റ സംവിധാനത്തിന് കീഴിൽ വരും. ഇന്ത്യൻ ലാർജ് ലാംഗ്വേജ് മോഡലുകളെയും മറ്റ് ദേശീയ ഡാറ്റാ പദ്ധതികളെയും പിന്തുണയ്ക്കാൻ പ്രത്യേക കമ്പ്യൂട്ടിങ് ശേഷിയും ഈ കേന്ദ്രങ്ങളിൽ ഉണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ രാസവസ്തു വ്യവസായം കരുത്താർജ്ജിക്കും; അമേരിക്കയും യൂറോപ്പുമായുള്ള പുതിയ വ്യാപാരക്കരാറുകൾ ​ഗുണമാകുമെന്ന് റിപ്പോർട്ട്
ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി