
ദില്ലി: എന്‍ഡിടിവിയുടെ 29% ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ സമ്മതമോ അറിയിപ്പോ ഇല്ലാതെയാണെന്ന് എന്‍ഡിടിവി സ്ഥാപക-പ്രൊമോട്ടർമാര്‍. എന്‍ഡിടിവി സ്ഥാപക പ്രമോട്ടര്‍മാരായ രാധികയുമായും പ്രണോയ് റോയിയുമായോ ഒരു ചർച്ചയും കൂടാതെയാണ് 29 ശതമാനത്തോളം ഓഹരി കൈകാര്യം ചെയ്യുന്ന ആര്‍ആര്‍പിആര്‍ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത് എന്നാണ് കമ്പനി പറയുന്നത്.
രണ്ട് ദിവസം മുന്‍പ് വിസിപിഎല്‍ ആര്‍ആര്‍പിആര്‍എച്ചിന് ഒരു നോട്ടീസ് അയച്ചിരുന്നു. എൻഡിടിവിയുടെ 29.18% ഈ സ്ഥാപനത്തിന് സ്വന്തമാണ്. അതിന്‍റെ എല്ലാ ഇക്വിറ്റി ഷെയറുകളും വിസിപിഎല്ലിന് കൈമാറാൻ രണ്ട് ദിവസത്തെ സമയം അനുവദിച്ചായിരുന്നു നോട്ടീസ്. 2009-10ൽ എൻഡിടിവി സ്ഥാപകരായ രാധിക, പ്രണോയ് റോയ് എന്നിവരുമായി ഉണ്ടാക്കിയ വായ്പാ കരാറിന്‍റെ അടിസ്ഥാനത്തിലാണ് വിസിപിഎൽ ഈ നോട്ടീസ് അയച്ചത്.
എന്നാല്‍ എന്‍ഡിടിവി സ്ഥാപകരുമായി ഒരുതരത്തിലും ചര്‍ച്ച ചെയ്യാതെയാണ് വായ്പാ കരാറിലെ വ്യവസ്ഥ ഉപയോഗിച്ച് ഇത്തരം ഒരു നീക്കം നടത്തിയത് എന്നാണ് ഇന്ന് പുറത്തിറക്കിയ ഒരു വിശദീകരണ കുറിപ്പില്‍ എന്‍ഡിടിവി സ്ഥാപക പ്രമോട്ടര്‍മാര്‍ പറയുന്നത്. സ്ഥാപകരുടെ ഷെയർഹോൾഡിംഗിൽ മാറ്റമില്ലെന്ന് ഇന്നലെ തന്നെ എൻഡിടിവി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നുവെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
എൻഡിടിവി അതിന്‍റെ പ്രവർത്തനങ്ങിലും ജേര്‍ണലിസത്തിലും ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും. പിന്തുടരുന്ന ജേര്‍ണലിസത്തില്‍ ഞങ്ങൾ അഭിമാനത്തോടെ നിലകൊള്ളുന്നുവെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പ് ഇന്ന് പറഞ്ഞത്
എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎൽ പത്രക്കുറിപ്പിൽ പറയുന്നത്.
അതേ സമയം സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു.
"വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട് വയ്ക്കുന്നു, 2011 ലെ സെബിയുടെ (ഷെയറുകളുടെയും ഏറ്റെടുക്കലുകളുടെയും കാര്യമായ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഇത് " വാര്‍ത്ത കുറിപ്പ് പറയുന്നു.
എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു; 29.18 ശതമാനം ഓഹരി സ്വന്തമാക്കി
33 അംഗരക്ഷകർ, ഗൗതം അദാനിക്ക് സുരക്ഷ ഉയർത്തി കേന്ദ്രം; കാരണം ഇതാണ്