ഒന്നാം തീയതി ശമ്പളം വന്നു! 'ടാറ്റ ഇഫക്ടോ?' വിശ്വസിക്കാനാകാതെ എയർ ഇന്ത്യ ജീവനക്കാർ

By Web TeamFirst Published Oct 4, 2021, 9:58 PM IST
Highlights

സ്വകാര്യവത്കരണത്തിനുള്ള ടെണ്ടറിൽ കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എയർ ഇന്ത്യ ജീവനക്കാരെ ഞെട്ടിച്ച് ഒന്നാം തീയതി തന്നെ അക്കൗണ്ടിൽ ശമ്പളമെത്തി.

ദില്ലി: സ്വകാര്യവത്കരണത്തിനുള്ള ടെണ്ടറിൽ കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എയർ ഇന്ത്യ ജീവനക്കാരെ ഞെട്ടിച്ച് ഒന്നാം തീയതി തന്നെ അക്കൗണ്ടിൽ ശമ്പളമെത്തി. 2017 ന് ശേഷം ആദ്യമായാണ് മാസത്തിലെ ആദ്യ ദിവസം തന്നെ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്.

'ഇതിനെ ടാറ്റ ഇഫക്ട് എന്ന് വിളിക്കൂ. ഞങ്ങൾക്ക് ഒന്നാം തീയതി തന്നെ ബേസിക് സാലറി കിട്ടിയിരിക്കുന്നു. 2017 ൽ എയർ ഇന്ത്യയിൽ ജോയിൻ ചെയ്ത ശേഷം ഇതുവരെ എനിക്ക് ഒന്നാം തീയതി ശമ്പളം കിട്ടിയിട്ടില്ല,' - എന്നായിരുന്നു ഒരു എയർ ഇന്ത്യ ജീവനക്കാരന്റെ പ്രതികരണം.

സാമ്പത്തിക ബാധ്യത നേരിടാൻ തുടങ്ങിയ ശേഷം എയർ ഇന്ത്യ ശമ്പളം ഒന്നാം തീയതി കൊടുത്തിരുന്നില്ല. മാസത്തിലെ ഏഴാമത്തെയോ പത്താമത്തെയോ ദിവസമൊക്കെയാണ് ശമ്പളം കിട്ടിയിരുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും ആഭ്യന്തര വിഷയങ്ങളിൽ പ്രതികരണത്തിനില്ലെന്നുമാണ് എയർ ഇന്ത്യയുടെ നിലപാട്.

എയർ ഇന്ത്യ, എയർ ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരിയും എയർ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയും സ്വകാര്യവത്കരിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം ഉടനുണ്ടായേക്കും.

click me!