
ദില്ലി: എയർ ഇന്ത്യയെ (Air India) എതിരാളിയായി തന്നെ കാണുമെന്നും വിസ്താരയാണ് (Vistara) മികച്ചതെന്നും വിസ്താര സിഇഒ വിനോദ് കണ്ണൻ. മറിച്ചൊരു തീരുമാനം ഉണ്ടാകുന്നത് വരെ എയർ ഇന്ത്യയെ എതിരാളിയായി കണ്ട് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വിസ്താര എയർലൈൻസിൽ 51 ശതമാനം ഓഹരികളും ടാറ്റയുടേതാണ്. 49 ശതമാനം ഓഹരി സിങ്കപ്പൂർ എയർലൈൻസിനാണ്.
സിങ്കപ്പൂർ എയർലൈൻസ് വിസ്താര കമ്പനിയെ ടാറ്റയുടെ മറ്റ് വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ലയിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ഓഹരി ഉടമകളുമായി ബന്ധപ്പെട്ടതാണ് ഈ നിലപാടെന്നും ലയനം നടന്നാൽ നേട്ടമുണ്ടാകുമെന്നും വിനോദ് കണ്ണൻ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ ലയനം നടക്കുമോയെന്നും എന്ന് നടക്കുമെന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റയും സിങ്കപ്പൂർ എയർലൈൻസും വിസ്താരയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. ലയനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടാകാം, താനതിൽ ഭാഗമല്ല. തനിക്കതേക്കുറിച്ച് അറിയുകയുമില്ല. അത്തരത്തിൽ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ അക്കാര്യം വിപണിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന് ഭൂരിപക്ഷം ഓഹരികളുള്ള നിലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വിമാനക്കമ്പനികളെ കൂട്ടിയോജിപ്പിച്ച് ഭീമൻ വിമാനക്കമ്പനിയായി മാറുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നാലെ വിസ്താര എയർലൈൻസും എയർ ഇന്ത്യയും തമ്മിലെ ലയനം ഉടനുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിസ്താരയുടെ പ്രവർത്തനങ്ങളെ ബാധിക്കാത്തവിധം എയർ ഇന്ത്യയെ ലാഭത്തിലാക്കാനാണ് പരിശ്രമിക്കുകയെന്നായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് വന്ന പ്രതികരണം.
ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ് (എസ്ഐഎ) എന്നിവയുടെ സംയുക്ത സംരംഭമാണ് ടാറ്റ എസ്ഐഎ. ഈ കമ്പനിയുടെ നിയന്ത്രണത്തിലാണ് വിസ്താര എയർലൈൻസ് പ്രവർത്തിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന് കേന്ദ്രസർക്കാർ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കൈമാറിയതിന് പിന്നാലെ ടാറ്റയുടെ വ്യോമയാന സെക്ടറിലെ അടുത്ത ചുവടുവെപ്പ് എന്തായിരിക്കുമെന്ന് പല ഭാഗത്തുനിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എയർ ഏഷ്യ ഇന്ത്യ വിമാനക്കമ്പനിയിലും ടാറ്റയ്ക്ക് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിനെയും എയർ ഏഷ്യ ഇന്ത്യയെയും ഒരേ കുടക്കീഴിൽ കൊണ്ടുവരാൻ ടാറ്റ ശ്രമിച്ചേക്കുമെന്നും വാർത്തകളുണ്ട്. ബജറ്റ് ശ്രേണിയിൽ ഈ വിമാനക്കമ്പനികളെ ലയിപ്പിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ടാറ്റ ഗ്രൂപ്പ് ശ്രമിക്കുമെന്നാണ് സൂചന.