ഒടിടി വളർച്ച മുന്നിൽ കണ്ട് എയർടെൽ, വിപണി പിടിക്കാൻ ഐക്യു വീഡിയോ

By Web TeamFirst Published Oct 23, 2021, 11:48 PM IST
Highlights

വെബ് ഡെവലപ്‌മെന്റ്, കണ്ടന്റ് ഹോസ്റ്റിങ്, ക്യൂറേഷന്‍, ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഐക്യു വീഡിയോയിലുണ്ട്

ദില്ലി: പുതിയ വീഡിയോ പ്ലാറ്റ്ഫോം സർവീസുമായി ഭാരതി എയർടെൽ. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് ഭാവിയിൽ വീഡിയോ സ്ട്രീമിങ് രംഗത്ത് വരാനിരിക്കുന്ന ഡിമാന്റ് പരിഗണിച്ചാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്. എയര്‍ടെല്‍ ഐക്യു വീഡിയോ എന്ന വീഡിയോ പ്ലാറ്റ്ഫോം സർവീസ് എയര്‍ടെലിന്റെ ഇന്‍-ഹൗസ് എന്‍ജിനീയറിങ് ടീമാണ് വികസിപ്പിച്ചത്.

വീഡിയോ സ്ട്രീമിങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ എയര്‍ടെല്‍ ഐക്യു വീഡിയോ വഴി സാധിക്കും. വെബ് ഡെവലപ്‌മെന്റ്, കണ്ടന്റ് ഹോസ്റ്റിങ്, ക്യൂറേഷന്‍, ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഐക്യു വീഡിയോയിലുണ്ട്. എയര്‍ടെലിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്ത് തങ്ങളുടെ ഒടിടിയിലൂടെ കമ്പനികൾക്ക് വീഡിയോകൾ സ്ട്രീം ചെയ്യാൻ സാധിക്കും.

ഇന്ത്യൻ ഒടിടി വിപണിക്ക് ഇപ്പോൾ 1.5 ബില്യൺ ഡോളറിന്റെ വലിപ്പമാണുള്ളത്. എന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 12.5 ബില്യൺ ഡോളർ വലിപ്പമാർജ്ജിക്കും. ഇത് രണ്ട്, മൂന്ന്, നാല് തലങ്ങളിലെ നഗരങ്ങളിലായിരിക്കും വൻ വികാസമാർജ്ജിക്കുകയെന്നും ആർബിഎസ്എ റിപ്പോർട്ടുകൾ പറയുന്നുണ്ട്. പ്രാദേശിക തലത്തിൽ ഒടിടികൾ അവരുടെ കണ്ടന്റ് വളരുന്നതിനനുസരിച്ച് കൂടുതൽ ഉപഭോക്താക്കളെ ഉൾക്കൊള്ളാനാവുന്ന സാങ്കേതിക പ്ലാറ്റ്ഫോമുകളെയാണ് തേടുന്നത്.

പ്രാദേശിക ടിവി ചാനലുകളടക്കം തങ്ങളുടെ ഉള്ളടക്കം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനാൽ തന്നെ ഐക്യു വീഡിയോ വഴി ഈ വിപണിയിലെ തുടക്കക്കാരെന്ന നിലയിൽ കൂടുതൽ വിശ്വാസ്യതയും പിന്തുണയും ആർജ്ജിക്കാനാവുമെന്നും എയർടെൽ കണക്കുകൂട്ടുന്നുണ്ട്. ഐക്യു വീഡിയോയിലൂടെ കൂടുതല്‍ കണ്ടന്റ് സ്റ്റാര്‍ട്ട്അപ്പുകളുടെ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

വ്യത്യസ്ത ചാനലുകള്‍ക്കായി ഒന്നിലധികം ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ വേണമെന്ന നിലവിലെ സ്ഥിതി എയര്‍ടെല്‍ ഐക്യു മാറ്റും. ബിസിനസുകള്‍ക്ക് അവരുടെ ആപ്ലിക്കേഷനുകളില്‍ വോയ്സ്, എസ്എംഎസ്, ഐവിആര്‍, വീഡിയോ തുടങ്ങിയ ആശയവിനിമയ സേവനങ്ങള്‍ ഡെസ്‌ക്ടോപ്പിലും മൊബൈലിലുമുള്ള ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളില്‍ ഒരു ഏകീകൃത പ്ലാറ്റ്ഫോമിലൂടെ കൂട്ടിച്ചേര്‍ക്കാനാകുമെന്നാണ് ഇതിൽ നിന്നുള്ള പ്രധാന നേട്ടം.

click me!