
ഒരു ദിവസം ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യണമെന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും അഭിപ്രായപ്രകടനങ്ങളും അടുത്ത കാലത്തായി സ്ഥിരമായി കേള്‍ക്കുന്നതാണ്. ആഗോള സമ്പന്നന്‍ ഇലോണ്‍ മസ്ക് പ്രതിദിനം 17 മണിക്കൂര്‍ ജോലി ചെയ്യണമെന്ന അഭിപ്രായക്കാരനാണ്. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍. ആര്‍ നാരായണമൂര്‍ത്തി പ്രതിദിനം 10 മണിക്കൂര്‍ ജോലി ചെയ്യണമെന്ന അഭിപ്രായം പങ്കുവച്ചപ്പോള്‍ വ്യാപക വിമര്‍ശനമാണ് അദ്ദേഹം നേരിടേണ്ടി വന്നത്. ഏറ്റവുമൊടുവിലായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകനും റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാനുമായ ആകാശ് അംബാനി ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നുവെന്നത് സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. മുംബൈ ടെക് വീക്കില്‍ ഡ്രീം സ്പോര്‍ട്സിന്‍റെ സിഇഒ ഹര്‍ഷ് ജെയിനുമായി സംസാരിക്കുന്നതിനിടെയാണ് താന്‍ പ്രതിദിനം 12 മണിക്കൂറിനപ്പുറവും ജോലി ചെയ്യുന്നുവെന്നുള്ള കാര്യം വെളിപ്പെടുത്തിയത്. തന്‍റെ ജോലിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് ആകാശ് അംബാനി ഭാര്യയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കുടുംബത്തെയും ജോലിയെയും സന്തുലിതമാക്കാന്‍ മാത്രമല്ല, രണ്ടും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണനകളാക്കി മാറ്റാനും ശ്രമിച്ചുവെന്ന് ആകാശ് പറഞ്ഞു. ജോലി തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നും ആകാശ് അംബാനി പറഞ്ഞു. ജോലി-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള തന്‍റെ ധാരണയ്ക്ക് പിന്നിലെ തത്ത്വചിന്ത തന്‍റെ മാതാപിതാക്കളായ മുകേഷ് അംബാനിയില്‍ നിന്നും നിത അംബാനിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് ആകാശ് അംബാനി പറഞ്ഞു. പ്രായമാകുമ്പോള്‍ ആളുകളുടെ മുന്‍ഗണനകള്‍ മാറുമെന്നും പക്ഷേ അവരവരുടെ മുന്‍ഗണനകള്‍ അര്‍ത്ഥവത്തായ ഒന്നാണെന്ന് ഉറപ്പാക്കണമെന്നും ആകാശ് വിശദീകരിച്ചു. ജിയോ ചെയര്‍മാന്‍ എന്ന നിലയില്‍ അംബാനിക്ക് എന്ത് വലിയ പദവികളാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍, റിലയന്‍സ് ചെയര്‍മാനാകുന്നത് ഒരു വലിയ ബഹുമതിയാണെന്ന് ഞാന്‍ കരുതുന്നുവെന്നും പക്ഷേ താന്‍ ഒരിക്കലും പദവികള്‍ക്കായി വ്യക്തിപരമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആകാശ് പറഞ്ഞു.