ഐപിഒയ്ക്ക് പിന്നാലെ ജീവനക്കാർക്ക് വൻ നേട്ടം; പണമായും ഓഹരിയായും ജീവനക്കാർക്ക് ലഭിക്കുക 96 ലക്ഷം രൂപ വരെ!

Published : Oct 02, 2026, 12:23 PM IST
indian currency

Synopsis

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഡാറ്റാ സെന്റർ മേഖലയിലെ വളർച്ചയുടെ പശ്ചാത്തലത്തിൽ ആക്‌സലറേഷൻ ഹോൾഡിങ്സ് ജീവനക്കാർക്ക് വൻ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ചു. കമ്പനിയുടെ ഐപിഒയ്ക്ക് പിന്നാലെ ഓരോ ജീവനക്കാരനും ഏകദേശം 96 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. പണമായും ഓഹരികളായും അടുത്ത രണ്ട് വർഷത്തിനിടെയാണ് ഈ തുക വിതരണം ചെയ്യുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ഡാറ്റാ സെന്റർ മേഖലയിലെ വൻ വളർച്ചയ്ക്കിടെ ജീവനക്കാർക്ക് വലിയ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ച് ഡാറ്റാ സെന്റർ ഇൻഫ്രാസ്‍ട്രക്ചർ കമ്പനിയായ ആക്‌സലറേഷൻ ഹോൾഡിങ്സ്. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് പിന്നാലെ ഓരോ ജീവനക്കാരനും കുറഞ്ഞത് 100,000 ഡോളർ, ഏകദേശം 96 ലക്ഷം രൂപ, വീതം ലഭിക്കും.

അടുത്ത രണ്ട് വർഷത്തിനിടെ അഞ്ച് അല്ലെങ്കിൽ ആറ് ഘട്ടങ്ങളായിട്ടാകും ജീവനക്കാർക്ക് ഈ ആനുകൂല്യം നൽകുക. ജീവനക്കാരെ കമ്പനിയിൽ തുടരാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ചാണ് ഇക്കാര്യം പുറത്തുവന്നത്.

പണം മാത്രമല്ല, ഓഹരികളും ലഭിക്കും

ഓരോ ജീവനക്കാരനും ലഭിക്കുന്ന 100,000 ഡോളറിന്റെ പാക്കേജ് മുഴുവനായും പണമായിരിക്കണമെന്നില്ല. വിപണി സാഹചര്യങ്ങൾ അനുസരിച്ച് പണം, ആക്‌സലറേഷൻ കമ്പനിയുടെ ഓഹരികൾ, ജീവനക്കാരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്കുള്ള സംഭാവന എന്നിവയുടെ രൂപത്തിലായിരിക്കും തുക നൽകുക. ഓരോ ഘട്ടത്തിലെയും ആനുകൂല്യം സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് പാർട്ണേഴ്സ് കമ്പനിയിലെ തങ്ങളുടെ ഓഹരിയുടെ ഒരു ഭാഗം വിൽക്കുന്നതുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒളിമ്പസ് പാർട്ണേഴ്സ് ഓഹരി വിറ്റഴിക്കുന്നതിനനുസരിച്ചായിരിക്കും ജീവനക്കാർക്കുള്ള ആനുകൂല്യവും വിതരണം ചെയ്യുക.

ഡാറ്റാ സെന്റർ മേഖലയിലെ വൻ വളർച്ച

ഡാറ്റാ സെന്ററുകൾക്കുള്ളിൽ ഉപയോഗിക്കുന്ന വൈദ്യുതി വിതരണ സംവിധാനങ്ങൾ, കൂളിങ് ഉപകരണങ്ങൾ, ഘടനാപരമായ സംവിധാനങ്ങൾ തുടങ്ങിയവയാണ് ആക്‌സലറേഷൻ ഹോൾഡിങ്സ് നിർമിക്കുന്നത്. ഇവയുടെ ഇൻസ്റ്റലേഷൻ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ അതിവേഗ വളർച്ചയോടെ ഡാറ്റാ സെന്ററുകളുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള നിക്ഷേപം ഉയർന്നതാണ് കമ്പനിയുടെ വളർച്ചയ്ക്ക് പ്രധാന കാരണം.

മൈക്കൽ റുബിയേരയും ഷോൺ റുബിയേരയും ചേർന്ന് 2017ലാണ് കമ്പനി സ്ഥാപിച്ചത്. 2021ൽ മൂന്ന് മില്യൺ ഡോളറിൽ താഴെയായിരുന്ന കമ്പനിയുടെ വരുമാനം 2025ൽ 447.8 മില്യൺ ഡോളറായി ഉയർന്നതായി റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

1,700ലധികം ജീവനക്കാർ

ഐപിഒയ്ക്ക് മുന്നോടിയായി സ്ഥാപകർ പുറത്തിറക്കിയ കത്തിൽ കമ്പനിയിൽ 1,700ലധികം ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,700ലധികം പേരെ നിയമിച്ചതായും കമ്പനിയുടെ നിർമ്മാണ സൗകര്യങ്ങളുടെ വിസ്തീർണം 20,000 ചതുരശ്ര അടിയിൽ നിന്ന് ഏകദേശം 1.1 ദശലക്ഷം ചതുരശ്ര അടിയായി വർധിപ്പിച്ചതായും കമ്പനി അറിയിച്ചു.

540 മില്യൺ ഡോളർ സമാഹരിച്ചു

ആക്‌സലറേഷൻ ഹോൾഡിങ്സ് ഐപിഒയിൽ ഒരു ഓഹരിക്ക് 18 ഡോളർ എന്ന നിരക്കിലാണ് വില നിശ്ചയിച്ചത്. ആകെ 30 മില്യൺ ഓഹരികളാണ് വിൽപ്പന നടത്തിയത്. ഇതിൽ 10 മില്യൺ ഓഹരികൾ കമ്പനി നേരിട്ടാണ് വിൽപ്പന നടത്തിയത്. ഒളിമ്പസ് പാർട്ണേഴ്സുമായി ബന്ധപ്പെട്ട ഓഹരി ഉടമകൾ 20 മില്യൺ ഓഹരികളും വിറ്റു. ഇതിലൂടെ ആകെ 540 മില്യൺ ഡോളർ സമാഹരിച്ചു.

ഓഹരി വ്യാപാരം ആരംഭിച്ചത് നാസ്ഡാക്കിൽ

സെപ്റ്റംബർ 30ന് നാസ്ഡാക്കിൽ കമ്പനിയുടെ ഓഹരി വ്യാപാരം ആരംഭിച്ചു. എസിസിവി എന്ന ടിക്കർ ചിഹ്നത്തിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. എന്നാൽ ആദ്യ വ്യാപാരത്തിൽ ഓഹരി വില 17.55 ഡോളറിലാണ് തുറന്നത്. ഇത് 18 ഡോളറിന്റെ ഐപിഒ വിലയേക്കാൾ ഏകദേശം 2.5% കുറവാണ്. ഇതോടെ കമ്പനിയുടെ മൂല്യം ഏകദേശം 3.9 ബില്യൺ ഡോളറായി. എഐ സേവനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം വർധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഐപിഒ. എഐ സംവിധാനങ്ങളുടെ വ്യാപനത്തിനൊപ്പം ഡാറ്റാ സെന്ററുകളിൽ വൈദ്യുതി, കൂളിങ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകതയും ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ നിക്ഷേപം വർധിക്കുന്നതിന്റെ ഗുണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആക്‌സലറേഷൻ ഹോൾഡിങ്സ്.

PREV
Read more Articles on
click me!

Recommended Stories

രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ; 16 മണിക്കൂർ കൊണ്ട് ഇനി ബെംഗളൂരുവിൽ നിന്ന് മുംബൈയിലെത്താം, റൂട്ടും സമയവും അറിയാം
2027 ൽ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? കഫേ 3 ചട്ടങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ