
ബാങ്ക് നിക്ഷേപങ്ങള്‍, ലോക്കറുകള്‍ എന്നിവയുടെ നോമിനേഷന്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന സുപ്രധാന ബാങ്കിങ് നിയമ ഭേദഗതികള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 'ബാങ്കിങ് നിയമ (ഭേദഗതി) ആക്ട്, 2025'-ന്റെ ഭാഗമായുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഒന്നിലധികം നോമിനേഷന്‍: ഡെപോസിറ്റ് അക്കൗണ്ടുകള്‍ക്ക് ഇനിമുതല്‍ ഒരേസമയം അല്ലെങ്കില്‍ ഒന്നിനുപുറകെ ഒന്നായി പിന്തുടര്‍ച്ചാ രീതിയില്‍ നാല് പേരെ വരെ നോമിനിയായി ഉള്‍പ്പെടുത്താന്‍ സാധിക്കും. അക്കൗണ്ട് ഉടമയുടെ സൗകര്യമനുസരിച്ച് ഒരേസമയം വിവിധ നോമിനികളെ വയ്ക്കുകയോ, ഒന്നിനുപുറകെ ഒന്നായെന്ന രീതിയിലോ നോമിനേഷന്‍ തിരഞ്ഞെടുക്കാം. ലോക്കര്‍ സൗകര്യങ്ങള്‍ക്ക് ഒന്നിനുപുറകെ ഒന്നായുള്ള നോമിനേഷന്‍ മാത്രമേ അനുവദിക്കൂ.
ഒരേസമയം നാല് നോമിനേഷന്‍ : നാല് പേരെ വരെ നോമിനിയായി ഉള്‍പ്പെടുത്താനും, മൊത്തം നിക്ഷേപത്തിന്റെ എത്ര ശതമാനം വീതം ഓരോ നോമിനിക്കും ലഭിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാനും ഇതിലൂടെ ഉപഭോക്താവിന് സാധിക്കും. ഇത് മരണാനന്തരമുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
'പിന്തുടര്‍ച്ച' നോമിനേഷന്‍ : ഈ രീതിയില്‍, നാല് പേരെ വരെ മുന്‍ഗണനാക്രമത്തില്‍ നോമിനി ആയി നിശ്ചയിക്കാം. ആദ്യത്തെ നോമിനിയുടെ മരണശേഷം മാത്രമേ അടുത്ത നോമിനിക്ക് അവകാശം ലഭിക്കൂ. ഇത് പണമിടപാടുകളില്‍ തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്യും.
ബാങ്കിങ് മേഖലയിലെ ഭരണപരമായ നിലവാരം ശക്തിപ്പെടുത്തുന്നതിനും, റിസര്‍വ് ബാങ്കിലേക്കുള്ള റിപ്പോര്‍ട്ടിംഗില്‍ ഏകീകരണം കൊണ്ടുവരുന്നതിനും, നിക്ഷേപകരുടെയും ഓഹരി ഉടമകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമേ സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍മാരുടെ കാലാവധി യുക്തിസഹമാക്കുന്നതിനും ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ ഭേദഗതികള്‍ സഹായിക്കും. 1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1949-ലെ ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് അടക്കം അഞ്ച് നിയമങ്ങളിലാണ് ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.