എടിഎമ്മുകളിൽ കാശില്ലെങ്കിൽ ബാങ്കുകൾ പിഴയടക്കേണ്ടി വരും; റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ്

By Web TeamFirst Published Aug 10, 2021, 10:32 PM IST
Highlights

എടിഎമ്മുകളിൽ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ, ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്.

ദില്ലി : ബാങ്കുകൾക്ക് തീരെ താൽപര്യമില്ലാത്ത എന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആശ്വാസമാകുന്ന ഒരു ഉത്തരവാണ് ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇനിമുതൽ എടിഎമ്മുകളിൽ കാശില്ലെങ്കിൽ ബാങ്കുകൾ അതിനനുസരിച്ച് പിഴയടക്കേണ്ടി വരും. 2021 ഒക്ടോബർ ഒന്ന് മുതലാണ് പുതിയ ഉത്തരവ് നിലവിൽ വരിക. എടിഎമ്മുകളിൽ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ, ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്.

ബാങ്കുകളും വൈറ്റ്‌ ലേബൽ എടിഎം ഓപ്പറേറ്റേഴ്സും തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും എടിഎമ്മുകളിൽ പണം ആവശ്യത്തിന് ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ബാങ്കുകളും മറ്റു സ്ഥാപനങ്ങളും കാണിച്ചാൽ അക്കാര്യത്തിൽ ഗൗരവതരമായ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.

ഒരു മാസത്തിൽ 10 മണിക്കൂറിലധികം സമയം എടിഎമ്മുകളിൽ പണം ഇല്ലാതിരുന്നാൽ, ആ സാഹചര്യത്തിൽ ബാങ്കുകൾക്കു മേൽ പതിനായിരം രൂപ പിഴ ചുമത്തുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. എടിഎമ്മുകളിൽ പണം ഇല്ലാതായാൽ ഉടനെതന്നെ സിസ്റ്റം ജനറേറ്റഡ് മെസ്സേജ് ഉത്തരവാദിത്തപ്പെട്ടവർക്ക് ലഭ്യമാക്കുന്ന തരത്തിൽ  സംവിധാനങ്ങൾ പരിഷ്കരിക്കണമെന്ന് റിസർവ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!