സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യങ്ങള്‍ മല്‍സരിക്കുമ്പോള്‍ മാറി ചിന്തിച്ച് ബാര്‍സിലോന, ടൂറിസം ടാക്‌സ് കുത്തനെ കൂട്ടി

Published : Feb 26, 2026, 04:48 PM IST
Barcelona

Synopsis

അമിതമായ വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിനും നാട്ടുകാരുടെ പാർപ്പിടക്ഷാമം പരിഹരിക്കുന്നതിനുമായി ബാർസിലോന നഗരം ടൂറിസം ടാക്സ് കുത്തനെ വർധിപ്പിക്കുന്നു. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ വർദ്ധനവ്, നഗരത്തിലേക്കുള്ള ബജറ്റ് യാത്രകളെ കാര്യമായി ബാധിക്കും.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, സ്‌പെയിനിലെ വിഖ്യാത നഗരമായ ബാര്‍സിലോന മാത്രം ടൂറിസം ടാക്‌സ് കുത്തനെ വര്‍ധിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് ബാര്‍സിലോന ഇത്തരമൊരു നീക്കം നടത്തുന്നത്? ഉത്തരം ലളിതമാണ് - സ്വന്തം നാട്ടുകാര്‍ക്ക് സമാധാനമായി ജീവിക്കാനും അവര്‍ക്കൊരു വീട് ഉറപ്പാക്കാനും. അമിതമായ വിനോദസഞ്ചാരം മൂലം വീര്‍പ്പുമുട്ടുന്ന ബാര്‍സിലോനയില്‍ വിനോദസഞ്ചാരികള്‍ക്കുള്ള ടാക്‌സ് രാത്രിയൊന്നിന് 12.50 യൂറോ (ഏകദേശം 1,100 രൂപയിലധികം) ആയി വര്‍ധിപ്പിക്കാനാണ് നഗരസഭയുടെയും കാറ്റലോണിയ പ്രാദേശിക സര്‍ക്കാരിന്റെയും തീരുമാനം. ഏപ്രില്‍ മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

'ടാക്‌സ് ഷോക്ക്'?

നിലവിലുള്ള ടൂറിസം ടാക്‌സ് ഏകദേശം ഇരട്ടിയാക്കാനാണ് തീരുമാനം. വിനോദസഞ്ചാരികള്‍ താമസിക്കുന്ന സ്ഥലത്തിനനുസരിച്ച് ടാക്‌സ് മാറും. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നവര്‍ നിലവില്‍ നല്‍കുന്ന തുകയേക്കാള്‍ കൂടുതല്‍ നല്‍കേണ്ടി വരും. അടിസ്ഥാന നികുതിയായ 7 യൂറോയ്ക്ക് പുറമെ മുനിസിപ്പല്‍ സര്‍ചാര്‍ജ് കൂടി നല്‍കണം. ടൂറിസ്റ്റ് അപ്പാര്‍ട്ട്മെന്റുകളിൽ രാത്രിയൊന്നിന് ടാക്‌സ് ഇനത്തില്‍ മാത്രം 12.50 യൂറോ വരെ നല്‍കേണ്ടി വരും.2026-ല്‍ തുടങ്ങുന്ന ഈ വര്‍ധന 2029 ആകുമ്പോഴേക്കും ലക്ഷ്വറി താമസസൗകര്യങ്ങള്‍ക്ക് 15 യൂറോ വരെയായി ഉയരും. 17 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്തിനാണ് ഈ കടുത്ത നടപടി?

ബാര്‍സിലോന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി 'പാര്‍പ്പിടക്ഷാമം' ആണ്. നഗരത്തിലെ വീടുകള്‍ ടൂറിസ്റ്റുകള്‍ക്കായി വാടകയ്ക്ക് നല്‍കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ക്ക് വീട് കിട്ടാത്ത അവസ്ഥയായി. വാടക കുത്തനെ കൂടി. ഇതിന് പരിഹാരമായിട്ടാണ് ടാക്‌സ് വര്‍ധിപ്പിക്കുന്നത്. വിനോദസഞ്ചാരികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന്റെ നാലിലൊന്ന് നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാന്‍ ഉപയോഗിക്കും. ടൂറിസ്റ്റ് ഫ്‌ലാറ്റുകള്‍ സാധാരണക്കാര്‍ക്ക് താമസിക്കാനുള്ള ഇടമാക്കി മാറ്റും. വിനോദസഞ്ചാരികളുടെ ആധിക്യം മൂലം തകരാറിലാകുന്ന പൊതുഗതാഗതം, സുരക്ഷാ സംവിധാനങ്ങള്‍, പരിസ്ഥിതി പദ്ധതികള്‍ എന്നിവ മെച്ചപ്പെടുത്താന്‍ ഈ പണം വിനിയോഗിക്കും. 2028-ഓടെ നഗരത്തില്‍ ടൂറിസ്റ്റ് അപ്പാര്‍ട്ട്മെന്റുകള്‍ പൂര്‍ണ്ണമായും നിരോധിക്കാനാണ് ബാര്‍സിലോന ലക്ഷ്യമിടുന്നത്.

സഞ്ചാരികളെ ഇത് എങ്ങനെ ബാധിക്കും?

ബജറ്റ് യാത്രകള്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ബാര്‍സിലോന ഇനി ബാലികേറാമലയാകും. പ്രീമിയം വിഭാഗത്തിലുള്ള സഞ്ചാരികളെ മാത്രം ലക്ഷ്യമിട്ടാണ് നഗരം ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞാലും നഗരത്തിന് ലഭിക്കുന്ന വരുമാനം കുറയാതിരിക്കാന്‍ ഈ ടാക്‌സ് വര്‍ധന സഹായിക്കും. 2029-ഓടെ പ്രതിവര്‍ഷം 100 മില്യണ്‍ യൂറോ അധിക വരുമാനമാണ് നഗരം പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

അടിച്ച് കേറി വാ! കെഎസ്ആർടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നൽകിയത് 8,619 കോടി
ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം: ആകെ 40 രാജ്യങ്ങൾ ലിസ്റ്റിൽ, കാരണം പക്ഷിപ്പനിയെന്ന് എസ്എഫ്ഡിഎ