ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?

Published : Dec 12, 2025, 02:43 PM IST
rupee

Synopsis

രൂപയുടെ ഈ വലിയ ഇടിവ് കാരണം, വിദേശത്ത് ഡോളറില്‍ വരുമാനം നേടുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ കറന്‍സികള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ മൂല്യം ലഭിക്കും

ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഡിസംബര്‍ 3-ന് ഒരു യുഎസ് ഡോളറിനെതിരെ 90 രൂപ എന്ന രൂപ ഭേദിച്ചു. കഴിഞ്ഞ ദിവസം ഇത് വീണ്ടും 10 പൈസ കൂടി ഇടിഞ്ഞ് 90.56 എന്ന നിലയിലെത്തി. ഈ വര്‍ഷം മേയ് മാസത്തില്‍ 84 രൂപയില്‍ താഴെയായിരുന്ന രൂപയുടെ മൂല്യം ആറു മാസത്തിനിടെ 7% ആണ് ഇടിഞ്ഞത്.

എന്‍ആര്‍ഐകള്‍ക്ക് ഇത് സുവര്‍ണ്ണാവസരം

രൂപയുടെ ഈ വലിയ ഇടിവ് കാരണം, വിദേശത്ത് ഡോളറില്‍ വരുമാനം നേടുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ കറന്‍സികള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ മൂല്യം ലഭിക്കും. ഈ സാഹചര്യത്തില്‍, ഡോളര്‍ നാട്ടിലേക്ക് അയക്കാനും ഇവിടെ നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണോ ഇതെന്ന ചോദ്യമാണ് ഉയരുന്നത്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍, ഉയര്‍ന്ന വിനിമയ നിരക്കില്‍ പണം മാറ്റാനുള്ള അവസരം നഷ്ടമാകും. എന്നാല്‍, രൂപ ശക്തിപ്പെട്ടാല്‍, കൃത്യസമയത്ത് പണം മാറ്റിയെടുത്തതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. 2026 അവസാനത്തോടെ രൂപയുടെ മൂല്യം 86-ലേക്ക് തിരിച്ചെത്തിയേക്കാം എന്ന് ചില സ്ഥാപനങ്ങള്‍ പ്രവചിക്കുന്നുണ്ട്.

നിക്ഷേപിച്ചാല്‍ നേട്ടം ഉറപ്പ്

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞാലും പ്രവാസികള്‍ക്ക് നഷ്ടമുണ്ടാകില്ല . ഉദാഹരണത്തിന്, ഇപ്പോള്‍ 90 രൂപ നിരക്കില്‍ കറന്‍സിമാറ്റി, ആ പണം ഫിക്‌സഡ് ഡിപ്പോസിറ്റ് പോലുള്ള പദ്ധതികളില്‍ നിക്ഷേപിച്ചാല്‍, അടുത്ത ഒരു വര്‍ഷം കൊണ്ട് 6-7% വരെ പലിശ നേടാന്‍ സാധിക്കും. രൂപയുടെ മൂല്യം 95-ലേക്ക് ഇടിഞ്ഞാലും, പലിശ കൂടി കണക്കാക്കുമ്പോള്‍ ഇപ്പോള്‍ പണം മാറ്റുന്നതാണ് ലാഭകരമെന്ന് വിദഗ്ധര്‍ പറയുന്നു.

രൂപ ഇടിയുന്നതെന്തുകൊണ്ട്?

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍പണം പിന്‍വലിക്കുന്നത്, വ്യാപാര കമ്മി വര്‍ധിക്കുന്നത്, ഇന്ത്യ-യുഎസ് താരിഫ് വിഷയത്തിലെ അനിശ്ചിതത്വം, ഡോളറിനുള്ള ഉയര്‍ന്ന ആവശ്യം എന്നിവയെല്ലാം രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ഈ വര്‍ഷം ഇതുവരെ എഫ്പിഐകള്‍ 17 ബില്യണ്‍ ഡോളറിലധികം പിന്‍വലിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ ഡോളര്‍ വായ്പകള്‍ തിരിച്ചടയ്ക്കുന്നതും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദേശ നിക്ഷേപങ്ങള്‍ക്കുമായി ഡോളര്‍ കൂടുതലായി വിദേശത്തേക്ക് ഒഴുകിപ്പോകുന്നതും രൂപയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇന്ത്യന്‍ കയറ്റുമതി കൂടുതല്‍ മത്സരശേഷിയുള്ളതാക്കാന്‍ രൂപയുടെ മൂല്യം കുറയ്ക്കാന്‍ ആര്‍ബിഐ ശ്രമിക്കുന്നുണ്ടാകാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ