'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി

Published : Dec 10, 2025, 08:31 PM IST
PM Modi

Synopsis

പൗരന്മാര്‍ക്ക് ഈ പണം തിരികെ ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം'എന്ന പേരില്‍ പുതിയ സംവിധാനം ആരംഭിച്ചതായി പ്രധാനമന്ത്രി

രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശപ്പെട്ടതും എന്നാല്‍ ഉടമസ്ഥന്‍ ഇതുവരെ ഏറ്റെടുക്കാത്തതുമായ ഒരു ലക്ഷം കോടിയിലധികം രൂപ ബാങ്കുകളിലും മ്യൂച്വല്‍ ഫണ്ട് കമ്പനികളിലും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലുമായി കെട്ടിക്കിടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പൗരന്മാര്‍ക്ക് ഈ പണം തിരികെ ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം'എന്ന പേരില്‍ പുതിയ സംവിധാനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 'ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്,' അദ്ദേഹം കുറിച്ചു. എണ്ണമറ്റ കുടുംബങ്ങളുടെ കഠിനാധ്വാനം ചെയ്ത സമ്പാദ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

മോദി ചൂണ്ടിക്കാട്ടിയ ഞെട്ടിക്കുന്ന കണക്കുകള്‍:

  • ബാങ്കുകളില്‍: 78,000 കോടി രൂപ.
  • ഇന്‍ഷുറന്‍സ് കമ്പനികളില്‍: 14,000 കോടി രൂപ.
  • മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍: 3,000 കോടി രൂപ.
  • ഓഹരി ലാഭവിഹിതം : 9,000 കോടി രൂപ.

ഈ പണം അവകാശികള്‍ക്ക് തിരികെ ലഭിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ ആരംഭിച്ച 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന സംരംഭത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പണം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട നാല് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ താഴെ നല്‍കുന്നു:

ഉദ്ഗം പോര്‍ട്ടല്‍ (ആര്‍ബിഐ): ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളും ബാലന്‍സുകളും പരിശോധിക്കാനും റിസര്‍വ് ബാങ്ക് ഒരുക്കിയ പോര്‍ട്ടലാണ് ഉദ്ഗം (വെബ്‌സൈറ്റ്: https://udgam.rbi.org.in/unclaimed-deposits/)

ബീമാ ഭരോസ പോര്‍ട്ടല്‍ (ഐആര്‍ഡിഎഐ): ഇന്‍ഷുറന്‍സ് പോളിസികളുടെ അവകാശികളില്ലാത്ത തുകകള്‍ക്കായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പോര്‍ട്ടല്‍ സജ്ജമാക്കിയത് (വെബ്‌സൈറ്റ്: https://bimabharosa.irdai.gov.in/)

മിത്ര പോര്‍ട്ടല്‍ (സെബി): മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് തങ്ങളുടെ ക്ലെയിം ചെയ്യാത്ത തുകകള്‍ തിരിച്ചുപിടിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പോര്‍ട്ടല്‍ ഉപയോഗിക്കാം. (വെബ്‌സൈറ്റ്: https://app.mfcentral.com/)

ഐഇപിഎഫ് പോര്‍ട്ടല്‍ (കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം): ഓഹരികളുടെ ലഭിക്കാത്ത ലാഭവിഹിതവും അവകാശികളില്ലാത്ത ഓഹരികളും തിരിച്ചുപിടിക്കാന്‍ ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റിയുടെ പോര്‍ട്ടല്‍ സഹായിക്കും. (വെബ്‌സൈറ്റ്: https://www.iepf.gov.in/)

2,000 കോടി രൂപ തിരികെ നല്‍കി

സര്‍ക്കാര്‍, റെഗുലേറ്ററി ബോഡികള്‍, ബാങ്കുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുടെ സംയോജിത ശ്രമങ്ങളിലൂടെ ഇതിനോടകം ഏകദേശം 2,000 കോടി രൂപ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉപയോഗിച്ചും പ്രാദേശിക ക്യാമ്പുകളില്‍ പങ്കെടുത്തും തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അവകാശപ്പെട്ട പണമുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് അവരുടെ പണം തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ വിപുലീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ
പാകിസ്താനെ വരിഞ്ഞുമുറുക്കുന്ന 'എലൈറ്റ് ക്യാപ്ചര്‍'! ; അഴിമതി ചോര്‍ത്തുന്നത് ജിഡിപിയുടെ 6% വരെ; ഐ.എം.എഫ്. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്