
ട്വിറ്റർ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ (Twitter Board ) ആഞ്ഞടിച്ച് ഇലോൺ മസ്‌ക് (Elon Musk). കമ്പനിയെ ഏറ്റെടുക്കാനുള്ള തന്റെ ശ്രമം വിജയിച്ചാൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ വേതനം വട്ടപ്പൂജ്യം ആകും എന്നാണ് ഏറ്റവുമൊടുവിൽ മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ വന്നാൽ പ്രതിവർഷം 30 ലക്ഷം ഡോളർ ലിറ്ററിന് ലാഭിക്കാനാകും എന്നും ഇലോൺ മസ്ക് പറഞ്ഞു.
നിലവിൽ ട്വിറ്ററിന്റെ 9.1 ശതമാനം ഓഹരികളും മസ്കിന്റെ കൈയിലാണ്. കമ്പനിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് മസ്ക്. 43 ബില്യൺ ഡോളറിന് കമ്പനി അപ്പാടെ വാങ്ങിക്കാം എന്നാണ് മസ്ക്ക് മുന്നോട്ടു വച്ചിരിക്കുന്ന ഓഫർ.
സ്വയം അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷകൻ എന്ന് വിശേഷിപ്പിക്കുന്ന മസ്ക്, നിലവിൽ ട്വിറ്റർ അടക്കം മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ നിലപാടുകളെ നിരന്തരം വിമർശിക്കാറുണ്ട്.
ട്വിറ്റർ ഏറ്റെടുക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം ചോദിച്ചതും ട്വിറ്ററിലെ തന്റെ 80 ലക്ഷം വരുന്ന ഫോളോവേഴ്സിനോടാണ്. 54.2 ഡോളർ നിരക്കിൽ ഓഹരികൾ വാങ്ങിക്കാനുള്ള തന്റെ തീരുമാനത്തിൽ നിലപാട് അറിയിക്കേണ്ടത് ഓഹരി ഉടമകൾ ആണെന്നും ഡയറക്ടർ ബോർഡ് അല്ലെന്നും പ്രസ്താവിച്ച അദ്ദേഹം ഇക്കാര്യത്തിൽ ഫോളോവേഴ്സിനോട് അഭിപ്രായം ചോദിക്കുകയും ചെയ്തു.
ട്വിറ്ററിൽ ഓഹരി ഏറ്റെടുക്കുന്നതിനു മുൻപ് മസ്ക് പലതരത്തിലുള്ള തന്റെ ആലോചനകളും ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. മസ്ക് കമ്പനിയെ അപ്പാടെ വിഴുങ്ങുന്ന ഭീതി ഡയറക്ടർ ബോർഡ് അംഗങ്ങളിൽ സജീവമാണ്. അതിനാൽ ഡിസ്കൗണ്ട് നിരക്കിൽ ഓഹരികൾ വിൽക്കാനുള്ള ഒരു ശ്രമവും ട്വിറ്റർ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായി. നിലവിൽ 9.1 ശതമാനം ഓഹരികൾ ഉള്ള മസ്ക്, 15 ശതമാനം ഓഹരികൾ വരെ ഏറ്റെടുത്തേക്കാമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇങ്ങനെയൊരു ഡിസ്കൗണ്ട് ഓഫർ കമ്പനി മുന്നോട്ടുവെച്ചത്.