വിമാന ദുരന്തങ്ങള്‍: ബോയിംഗ് 737 മാക്സിന്‍റെ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നു; താല്‍പര്യക്കുറവ് അറിയിച്ച് വിമാനക്കമ്പനികള്‍

By Web TeamFirst Published Apr 10, 2019, 4:14 PM IST
Highlights

ഏറ്റവും കൂടുതല്‍ വില്‍പ്പന വളര്‍ച്ച പ്രകടിപ്പിച്ച ബോയിംഗിന്‍റെ വിമാനമാണ് 737 മാക്സ് വിഭാഗത്തില്‍പ്പെടുന്നവ. എന്നാല്‍, രണ്ട് വിമാന അപകടങ്ങള്‍ സംഭവിച്ചതോടെ അന്താരാഷ്ട്ര രംഗത്ത് 737 മാക്സിന്‍റെ പ്രീതിക്ക് കുറവ് വന്നിരിക്കുകയാണിപ്പോള്‍.

ചിക്കാഗോ: രണ്ട് വലിയ വിമാന അപകടങ്ങളെ തുടര്‍ന്ന് ബോയിംഗ് അവരുടെ 737 മാക്സ് വിമാനങ്ങളുടെ നിര്‍മാണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ പകുതി മുതല്‍ 20 ശതമാനം വച്ച് നിര്‍മാണം വെട്ടിക്കുറയ്ക്കാനാണ് തീരുമാനമെടുത്തത്.

ഏറ്റവും കൂടുതല്‍ വില്‍പ്പന വളര്‍ച്ച പ്രകടിപ്പിച്ച ബോയിംഗിന്‍റെ വിമാനമാണ് 737 മാക്സ് വിഭാഗത്തില്‍പ്പെടുന്നവ. എന്നാല്‍, രണ്ട് വിമാന അപകടങ്ങള്‍ സംഭവിച്ചതോടെ അന്താരാഷ്ട്ര രംഗത്ത് 737 മാക്സിന്‍റെ പ്രീതിക്ക് കുറവ് വന്നിരിക്കുകയാണിപ്പോള്‍. ഇതോടെ വിമാനം ഓര്‍ഡര്‍ നല്‍കിയ വിമാനക്കമ്പനികള്‍ പോലും വിമാന മോഡലിനോട് താല്‍പര്യക്കുറവ് അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. മിക്ക രാജ്യങ്ങളും അവരുടെ വ്യോമ മേഖലയില്‍ 737 മാക്സിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഏപ്രില്‍ പകുതി മുതല്‍ പ്രതിമാസം 52 ല്‍ നിന്ന് 42 ലേക്ക് ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനി ആലോചിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ലയണ്‍ എയര്‍ വിമാന അപകടവും മാര്‍ച്ചിലുണ്ടായ എത്യോപ്യന്‍ വിമാന അപകടവുമാണ് ബോയിംഗിനെ പ്രതിസന്ധിയിലാക്കിയത്. ലയണ്‍ എയര്‍ വിമാന അപകടത്തില്‍ 189 പേരും എത്യോപ്യന്‍ വിമാന അപകടത്തില്‍ 157 പേരുമാണ് മരണമടഞ്ഞത്. 

click me!