ലീല ഹോട്ടല്‍സ് ഓഹരി വിപണിയിലേക്ക്; 3,500 കോടിയുടെ ഐപിഒ പ്രഖ്യാപിച്ചു.

Published : May 21, 2025, 08:59 PM IST
ലീല ഹോട്ടല്‍സ് ഓഹരി വിപണിയിലേക്ക്; 3,500 കോടിയുടെ ഐപിഒ പ്രഖ്യാപിച്ചു.

Synopsis

3,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒ. 

പ്രമുഖ ആഢംബര ഹോട്ടല്‍ ശൃംഖലയായ ദി ലീല പാലസസ്, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സിന്‍റെ ഉടമകളായ ഷ്ലോസ് പ്രാഥമിക ഓഹരി വില്‍പന പ്രഖ്യാപിച്ചു. 3,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒ. മെയ് 26-ന് ഐപിഒ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ സെബി ഇതിന് അംഗീകാരം നല്‍കിയിരുന്നു. പൊതു സബ്സ്ക്രിപ്ഷന്‍ മെയ് 28-ന് അവസാനിക്കും. മെയ് 29-ഓടെ ഐപിഒ ഓഹരി അലോട്ട്മെന്‍റ് അന്തിമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 2 മുതല്‍ ഷ്ലോസ് ബാംഗ്ലൂര്‍ ഓഹരികളുടെ വ്യാപാരം സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ആരംഭിക്കും.

 

ഓഹരി വില്‍പ്പനയുടെ ഘടന

 

ഐപിഒയില്‍ 2,500 കോടി രൂപയുടെ പുതിയ ഓഹരികളും, പ്രൊമോട്ടര്‍ ആയ പ്രൊജക്റ്റ് ബാലെറ്റ് ബാംഗ്ലൂര്‍ ഹോള്‍ഡിംഗ്സ് 1,000 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്‍റിന്‍റെ ഉപസ്ഥാപനമാണ് പ്രൊജക്റ്റ് ബാലെറ്റ് ബാംഗ്ലൂര്‍ ഹോള്‍ഡിംഗ്സ്.ഓഹരിയുടെ പ്രൈസ് ബാന്‍ഡ് മെയ് 21-ന് പ്രഖ്യാപിക്കും. പൊതു ഇഷ്യൂവിന്‍റെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും മാറ്റിവച്ചിട്ടുണ്ട്. ഐപിഒ വഴി ലഭിക്കുന്ന പുതിയ ഓഹരി വിതരണത്തില്‍ നിന്നുള്ള 2,300 കോടി രൂപ കടം തിരിച്ചടയ്ക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് ഷ്ലോസ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. 2025 മാര്‍ച്ച് വരെകമ്പനിക്കും ഉപസ്ഥാപനങ്ങള്‍ക്കും 3,908.7 കോടി രൂപയുടെ വായ്പകളുണ്ട്.

വിപണിയിലെ സ്ഥാനം

ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ഇഐഎച്ച്, ഷാലെ ഹോട്ടല്‍സ്, ജൂനിപ്പര്‍ ഹോട്ടല്‍സ്, ഐടിസി ഹോട്ടല്‍സ് തുടങ്ങിയ ലിസ്റ്റ് ചെയ്ത കമ്പനികളുമായി മത്സരിക്കുന്ന ഷ്ലോസ് ബാംഗ്ലൂര്‍, ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര ഹോസ്പിറ്റാലിറ്റി കമ്പനികളില്‍ ഒന്നാണ്. ദി ലീല പാലസസ്, ദി ലീല ഹോട്ടല്‍സ്, ദി ലീല റിസോര്‍ട്ട്സ് എന്നിവ ഉള്‍പ്പെടുന്ന 13 ഹോട്ടലുകളിലായി 3,553 റൂമുകളാണ് ഇവര്‍ക്കുള്ളത്.

 

ലീല ഹോട്ടല്‍സിന്‍റെ ചരിത്രം

 

1986 ല്‍ സി.പി. കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച ഹോട്ടല്‍ ലീലാവെഞ്ചര്‍ ഒരു കാലത്ത് താജ് ഹോട്ടല്‍സ്,ഒബ്റോയ് ഹോട്ടലുകള്‍ എന്നിവയുമായി കടുത്ത മത്സരത്തിലേര്‍പ്പെട്ടിരുന്ന ബ്രാന്‍റാണ്. എന്നാല്‍ കടബാധ്യത വന്നതോടെ കമ്പനി ഹോട്ടലുകളും ഭൂമി ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന ആസ്തികളും വില്‍ക്കാന്‍ തീരുമാനിച്ചു. 2018 മാര്‍ച്ച് 31 വരെ ഏകദേശം 3,799 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന്

കാനഡ ആസ്ഥാനമായുള്ള ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്‍റ് ഇന്‍കോര്‍പ്പറേറ്റഡിന് ഹോട്ടല്‍ വില്‍ക്കുകയായിരുന്നു. ബ്രൂക്ക്ഫീല്‍ഡ് പിന്തുണയുള്ള കമ്പനിയായ ഷ്ലോസ് ബാംഗ്ലൂരാണ് ഇപ്പോള്‍ ഹോട്ടലിന്‍റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം