ഇങ്ങനെ വിറ്റാൽ എങ്ങനാ ? ബിഎസ്എൻഎല്ലിൽ പടയൊരുക്കം; കേന്ദ്രസർക്കാരിന് പുതിയ തലവേദന

By Web TeamFirst Published Aug 27, 2021, 12:53 AM IST
Highlights

കേന്ദ്രസർക്കാരിന്റെ  നീക്കം ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കുറ്റപ്പെടുത്തുന്നു.

ദില്ലി: ആസ്തി വിറ്റഴിക്കലിലൂടെ ധനസമാഹരണം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ബിഎസ്എൻഎല്ലിൽ പടയൊരുക്കം. 2.86 ലക്ഷം കിലോമീറ്റർ ദൈർഘ്യം വരുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല യും 14917 മൊബൈൽ ടവറുകളും വിൽക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ രംഗത്ത് വന്നിരിക്കുന്നത്.

ഭാരത് നെറ്റ് പ്രൊജക്ടിന് കീഴിലാണ് ഫൈബർ ശൃംഖല സ്ഥാപിച്ചത്. ബിഎസ്എൻഎല്ലിന്റെ സഹോദര സ്ഥാപനമായ എംടിഎൻഎല്ലിന്റേതാണ് 14917 ടവറുകൾ. കേന്ദ്രസർക്കാരിന്റെ ഈ നീക്കം ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കുറ്റപ്പെടുത്തുന്നു.

ഇപ്പോഴത്തെ നീക്കം അനുവദിച്ചാൽ അടുത്തതായി കേന്ദ്രം ഏഴ് ലക്ഷം കിലോമീറ്റർ നീളമുള്ള ഒപ്റ്റിക് ഫൈബർ വിൽക്കും. ആസ്തികളുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിൽ അധിഷ്ഠിതമായിരിക്കുമെന്ന വിശദീകരണം പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി.

ടവറുകൾ വിൽക്കാനുള്ള നീക്കം എംടിഎൻഎല്ലിന്റെയും ബിഎസ്എൻഎല്ലിന്റെയും തകർച്ചയ്ക്ക് കാരണമാകും. ബിഎസ്എൻഎല്ലിന് 4ജി സേവനം അനുവദിക്കുന്നതിന് മോദി സർക്കാർ തടസം നിന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായെന്നും രാജ്യത്തിന്റെ ആസ്തികൾ കോർപറേറ്റുകൾക്ക് വിൽക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ കേന്ദ്രസർക്കാരിന് ബിഎസ്എൻഎൽ ജീവനക്കാരിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രാജ്യത്തെമ്പാടും ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധ സമരം നടത്താനും യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!