ആകാശ് ഓഹരി തിങ്ക് ആൻഡ് ലേണിന് നൽകില്ല; ബൈജൂസ് മാതൃകമ്പനിക്കെതിരെ നിയമക്കുരുക്ക്

Published : Dec 01, 2025, 04:29 PM IST
Byju raveendran news

Synopsis

നിലവില്‍, ഓഹരി വിതരണം നിര്‍ത്തിവെച്ച ആകാശ്, തിങ്ക് ആന്റ് ലേണ്‍ അടച്ച 25 കോടി രൂപ പലിശ ലഭിക്കുന്ന ഒരു പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. 140 കോടി രൂപയുടെ ഒരു പുതിയ റൈറ്റ്‌സ് ഇഷ്യു അടുത്ത കാലയളവില്‍ ഉണ്ടായേക്കുമെന്നും കമ്പനി സൂചന നല്‍കി.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് , ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓഹരികള്‍ കൈമാറുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. വിദേശ വിനിമയ ചട്ടങ്ങള്‍ (ഫെമ), കമ്പനി നിയമങ്ങള്‍ എന്നിവ ലംഘിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഈ നിര്‍ണായക നടപടി. ആകാശിന്റെ 100 കോടി രൂപയുടെ റൈറ്റ്‌സ് ഇഷ്യുവില്‍ തിങ്ക് ആന്‍ഡ് ലേണ്‍ പങ്കെടുത്തിരുന്നു. ഈ നടപടികളിലാണ് നിയമപരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

2021-ല്‍ ആണ് തിങ്ക് ആന്‍ഡ് ലേണ്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ഏറ്റെടുത്തു. ഇന്ത്യയിലെ എജ്യൂ-ടെക് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായിരുന്നു ഇത്. ഇതിനുശേഷം, തിങ്ക് ആന്‍ഡ് ലേണിന്റെ ഒരു സബ്‌സിഡിയറി ആയി മാറി. തിങ്ക് ആന്റ് ലേണിന് ആകാശില്‍ ഏകദേശം 25.75% ഓഹരി ഉണ്ടായിരുന്നു. നിലവില്‍, ആകാശ് നടത്തിയ റൈറ്റ്‌സ് ഇഷ്യൂ കാരണം ഓഹരി പങ്കാളിത്തം കുറയുന്നതിനെ ചൊല്ലി ഈ രണ്ട് സ്ഥാപനങ്ങളും തമ്മില്‍ നിയമപരമായ തര്‍ക്കം നടക്കുന്നു. റൈറ്റ്‌സ് ഇഷ്യു പൂര്‍ത്തിയായാല്‍ തിങ്ക് ആന്റ് ലേണിന്റ ഓഹരി പങ്കാളിത്തം 6.125% ആയി കുറയാന്‍ സാധ്യതയുളളതിനാലായിരുന്നു ഈ ഭിന്നത ഉടലെടുത്തത്

എന്തുകൊണ്ട് തടഞ്ഞു?

റൈറ്റ്‌സ് ഇഷ്യു വഴി 25 കോടി രൂപയുടെ ഓഹരികള്‍ക്ക് തിങ്ക് ആന്റ് ലേണ്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍,നിയമപരമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡ് ഈ ഷെയര്‍ വിതരണം തടഞ്ഞുവെക്കുകയായിരുന്നു. ഫണ്ട് സ്വരൂപിക്കാന്‍ ഉപയോഗിച്ച കടപ്പത്ര വിതരണ രീതി, വിദേശ വിനിമയ ചട്ടങ്ങള്‍ , എക്‌സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോയിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കമ്പനീസ് ആക്ട് എന്നിവ തിങ്ക് ആന്റ് ലേണ്‍ ലംഘിച്ചതായി കണ്ടെത്തി. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ജനറല്‍ മാനേജരും നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് ഈ നടപടി. തിങ്ക് ആ്ന്റ് ലേണ്‍ സമാഹരിച്ച ഫണ്ട് വായ്പയുടെ ഗണത്തില്‍പ്പെടുന്നതിനാല്‍, അത് ആകാശിന്റെ ഷെയറുകള്‍ വാങ്ങാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആകാശിന്റെ നിയമോപദേഷ്ടാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് അനുവദിച്ചാല്‍ ആകാശ് പിഴ ശിക്ഷയ്ക്ക് വിധേയമാകേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍, ഓഹരി വിതരണം നിര്‍ത്തിവെച്ച ആകാശ്, തിങ്ക് ആന്റ് ലേണ്‍ അടച്ച 25 കോടി രൂപ പലിശ ലഭിക്കുന്ന ഒരു പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. 140 കോടി രൂപയുടെ ഒരു പുതിയ റൈറ്റ്‌സ് ഇഷ്യു അടുത്ത കാലയളവില്‍ ഉണ്ടായേക്കുമെന്നും കമ്പനി സൂചന നല്‍കി.

യുഎസിലും നിയമ പോരാട്ടം ശക്തം

ആഭ്യന്തര തലത്തില്‍ നിയമക്കുരുക്ക് മുറുകുമ്പോള്‍ തന്നെ, ബൈജൂസും യുഎസ് വായ്പക്കാരും തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിലാണ് . കമ്പനിയുടെ സ്ഥാപകര്‍ ഏകദേശം 4400 കോടി രൂപവകമാറ്റിയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ യുഎസ് കോടതിയില്‍ നിര്‍ണായകമായ പുതിയ തെളിവുകള്‍ സമര്‍പ്പിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ഇമെയിലുകള്‍, ഫണ്ട് കൈമാറ്റം സംബന്ധിച്ച രേഖകള്‍ എന്നിവയാണ് സമര്‍പ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി