കാനഡയാണോ ലക്ഷ്യം? പോക്കറ്റ് കാലിയാക്കുന്ന പുതിയ നിയമവുമായി കാനഡ, ബാങ്കില്‍ കാണിക്കേണ്ട തുക കൂട്ടി

Published : Jul 06, 2025, 04:02 PM IST
Canada Visa

Synopsis

കാനഡയില്‍ താമസിക്കുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കുന്നതിന് വിവിധതരം സാമ്പത്തിക രേഖകള്‍ സ്വീകരിക്കുന്നുണ്ട്.

കാനഡയില്‍ ഉപരിപഠനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ നിയമം. സെപ്റ്റംബര്‍ 1 മുതല്‍ കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ ജീവിതച്ചെലവുകള്‍ക്കായി ബാങ്ക് അക്കൗണ്ടില്‍ കൂടുതല്‍ പണം കാണിക്കേണ്ടിവരും. നിലവിലുള്ള 20,635 കനേഡിയന്‍ ഡോളര്‍ എന്നതില്‍ നിന്ന് ഇത് 22,895 കനേഡിയന്‍ ഡോളറായാണ് (ഏകദേശം 14,40,250 രൂപ) വര്‍ധിക്കുക. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയാണ് ഈ പുതിയ നിയമം പ്രഖ്യാപിച്ചത്. ക്യൂബെക് ഒഴികെയുള്ള പ്രവിശ്യകളിലേക്കും ടെറിട്ടറികളിലേക്കും പോകുന്ന എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാകും. ആദ്യ വര്‍ഷത്തെ ട്യൂഷന്‍ ഫീസിനും യാത്രാച്ചെലവിനും പുറമെയാണ് ഈ തുക.

കുടുംബത്തിന്റെ വലുപ്പത്തിനനുസരിച്ച് ചെലവ് കൂടും:

വര്‍ഷം തോറും ജീവിതച്ചെലവിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഈ തുക പുതുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളെയും കൂടെ കൂട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഫണ്ട് കാണിക്കേണ്ടിവരും.

1 വ്യക്തി: കനേഡിയന്‍ ഡോളര്‍ 22,895 (14,40,250 രൂപ)

2 പേര്‍: കനേഡിയന്‍ ഡോളര്‍ 28,502 (17,91,373 രൂപ)

3 പേര്‍: കനേഡിയന്‍ ഡോളര്‍ 35,040 (22,02,408 രൂപ)

4 പേര്‍: കനേഡിയന്‍ ഡോളര്‍ 42,543 (26,74,676 രൂപ)

5 പേര്‍: കനേഡിയന്‍ ഡോളര്‍ 48,252 (30,33,831 രൂപ)

6 പേര്‍: കനേഡിയന്‍ ഡോളര്‍ 54,420 (34,21,175 രൂപ)

7 പേര്‍: കനേഡിയന്‍ ഡോളര്‍ 60,589 (38,08,518 രൂപ )

ഓരോ അധിക കുടുംബാംഗത്തിനും: കനേഡിയന്‍ ഡോളര്‍ 6,170 (3,88,098 രൂപ)

ഈ പുതിയ നിബന്ധന 2025 സെപ്റ്റംബര്‍ 1-നോ അതിനുശേഷമോ സമര്‍പ്പിക്കുന്ന സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ക്ക് മാത്രമാണ് ബാധകം. അതിനുമുമ്പ് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് നിലവിലെ കനേഡിയന്‍ ഡോളര്‍ 20,635 എന്ന തുക തന്നെ മതിയാകും.

ഫണ്ട് തെളിയിക്കാന്‍ സ്വീകരിക്കുന്ന രേഖകള്‍:

കാനഡയില്‍ താമസിക്കുമ്പോള്‍ വിദ്യാര്‍ത്ഥിക്ക് സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കുന്നതിന് വിവിധതരം സാമ്പത്തിക രേഖകള്‍ സ്വീകരിക്കുന്നുണ്ട്. അവ താഴെ പറയുന്നവയാണ്:

  • വിദ്യാര്‍ത്ഥിയുടെ പേരിലുള്ള കനേഡിയന്‍ ബാങ്ക് അക്കൗണ്ട്
  • കാനഡയിലെ അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍ട്ടിഫിക്കറ്റ്
  • അംഗീകൃത ബാങ്കില്‍ നിന്നുള്ള സ്റ്റുഡന്റ് അല്ലെങ്കില്‍ എജ്യുക്കേഷന്‍ ലോണിന്റെ തെളിവ്
  • കഴിഞ്ഞ നാല് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍
  • കനേഡിയന്‍ ഡോളറിലേക്ക് മാറ്റാന്‍ കഴിയുന്ന ബാങ്ക് ഡ്രാഫ്റ്റ്
  • വിദ്യാര്‍ത്ഥിക്ക് സാമ്പത്തിക സഹായം നല്‍കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കത്ത്
  • കാനഡയില്‍ നിന്നുള്ള ഫണ്ടിന്റെ തെളിവ്

ഈ രേഖകള്‍ കാനഡയില്‍ പഠിക്കുമ്പോള്‍ ജീവിതച്ചെലവ് താങ്ങാന്‍ വിദ്യാര്‍ത്ഥിക്ക് കഴിയുമെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. കൂടാതെ, ആശ്രിതരോടൊപ്പം (കുടുംബാംഗങ്ങള്‍) അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ ജീവിതച്ചെലവും മൊത്തം ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!