
ഒട്ടാവ: കൈത്തോക്കുകൾ വിൽക്കുന്നതും വാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും നിരോധിച്ച് കാനഡ. കൈത്തോക്ക് ഇറക്കുമതി നിരോധിക്കുന്നതിനുള്ള മുൻകാല ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിരോധനം എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. രാജ്യത്ത് വർദ്ധിച്ചു വരുന്ന തോക്കുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുക എന്നുള്ളതാണ് ലക്ഷ്യം.
ALSO READ: നെസ്‌ലെയുടെ ഉത്പന്നങ്ങൾ വാങ്ങാം 'മൈ നെസ്‌ലെ' യിലൂടെ
തോക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് 40 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ നിയന്ത്രണ നടപടിയായിരിക്കും ഇതെന്ന് ട്രൂഡോ പറഞ്ഞു. കൈത്തോക്കുകളുടെ വില്പന നിരോധിക്കുക എന്നുള്ളതിനെ സംബന്ധിച്ച് 2022 മെയ് മാസത്തിലാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത്. കൂടാതെ, ഗാർഹിക പീഡനത്തിലോ ക്രിമിനൽ പീഡനക്കേസുകളിലോ ഉൾപ്പെട്ട ആളുകളുടെ കൈവശം ഉള്ള തോക്കുകളുടെ ലൈസൻസ് റദ്ദാക്കാനും ബില്ലിൽ നിർദേശമുണ്ട്. തോക്ക് ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അനുമാനം. തോക്ക് കടത്ത് തടയുന്നതിനുള്ള നടപടികളും ബിൽ നിർദ്ദേശിക്കുന്നു,
രാജ്യത്തെ കൈത്തോക്കുകളുടെ വിപണി മരവിപ്പിക്കുകയാണ്. കൈത്തോക്കുകൾ ഉപയോഗിച്ചുള്ള അതിക്രമങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. അതിനാൽ തന്നെ നടപടി എടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്ന് ട്രൂഡോ പറഞ്ഞു.ഇന്ന് മുതൽ രാജ്യത്ത് കൈത്തോക്കുകൾ വിൽക്കാനോ, വാങ്ങാനോ, കൈമാറ്റം ചെയ്യാനോ കഴിയില്ലെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു. പുതുതായി വാങ്ങിയ തോക്കുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലും വിലക്കുണ്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ALSO READ: നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; "അമൃത് മഹോത്സവ് എഫ്ഡി" ഉത്സവകാല ഓഫറുമായി ഈ ബാങ്ക്
യുണൈറ്റഡ് സ്റ്റേറ്റ്സിനേക്കാൾ കർശനമായ തോക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ കാനഡയിലുണ്ട്. കാനഡക്കാർക്ക് ലൈസൻസുള്ള തോക്കുകൾ സ്വന്തമാക്കാം. തോക്ക് ഉപയോഗിച്ചുള്ള കൊലപാതക നിരക്കുകൾ അമേരിക്കയെ വെച്ച് കാനഡയിൽ കുറവാണെങ്കിലും മറ്റ് സമ്പന്ന രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ അത് വളരെ കൂടുതലാണ്. കഴിഞ്ഞ ദശകത്തിൽ രാജ്യത്ത് തോക്കുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കനേഡിയൻ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2010-ൽ ഉണ്ടായിരുന്നതിനേക്കാൾ 70 ശതമാനം കൂടുതൽ കൈത്തോക്കുകൾ കാനഡയിൽ നിലവിലുണ്ട്.