വിത്തിടുമ്പോൾ വില; കേന്ദ്ര നയം കോര്‍പറേറ്റുകൾക്ക് അനുകൂലമെന്ന് കര്‍ഷക സംഘടനകൾ

By Web TeamFirst Published May 16, 2020, 10:02 AM IST
Highlights

രാജ്യത്ത് 85 ശതമാനം ചെറുകിട കര്‍ഷകരാണ്. അതിൽ വലിയൊരു ശതമാനം സ്വന്തമായി ഭൂമിയില്ലാത്ത പാട്ട
കര്‍ഷകരുമാമെന്നിരിക്കെ ഇവര്‍ക്ക് വേണ്ടിയിരുന്നത് വായ്പകൾ എഴുതി തള്ളുകയും കൃഷിയുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തിക സഹായവുമായിരുന്നു എന്നാണ് കര്‍ഷക സംഘടനകൾ പറയുന്നത്. 

ദില്ലി: വിത്തിടുമ്പോൾ തന്നെ വില ഉറപ്പാക്കുന്നത് അടക്കം കൊവിഡ് പാക്കേജിന്‍റെ ഭാഗമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം കാര്‍ഷിക മേഖലയിൽ സ്വകാര്യ-കോര്‍പ്പറേറ്റ് മേഖലകളുടെ സ്വാധീനം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപണവുമായി കര്‍ഷകർ.  വിത്തിടുമ്പോൾ സ്വകാര്യ പങ്കാളിത്തതോടെ വിളയുടെ വില നിശ്ചയിക്കാമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ നടത്തിയ പ്രഖ്യാപനം കാര്‍ഷിക മേഖലയിൽ കരാര്‍ കൃഷി പ്രോത്സാപ്പിക്കുമെന്നാണ് കർഷകസംഘടനകളുടെ ആരോപണം. 

കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിരൂപയുടെ പദ്ധതിയാണ് കേന്ദ്രസ‍ർക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒപ്പം വിളകളുടെ വില്പനയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങൾ കൂടി നടത്തി.  ഇതനുസരിച്ച് കര്‍ഷകന് ആര്‍ക്കുവേണമെങ്കിലും വിളകൾ വിൽക്കാം, ഏത് കമ്പനിയാണോ ഉൽപന്നങ്ങൾ വാങ്ങുന്നത് ആ കമ്പനിയുമായി വില നിശ്ചയിക്കാം. കര്‍ഷകനും  വ്യവസായ സ്ഥാപനവും തമ്മിൽ നേരിട്ടാണ് ബന്ധം. കര്‍ഷകനിൽ നിന്ന് ഉല്പന്നങ്ങൾ സംഭരിക്കുകയും ശേഖരിച്ചുവെക്കുകയും ചെയ്യുന്നതിന് നിയമഭേദഗതി കൊണ്ടുവരും എന്നും കേന്ദ്ര പ്രഖ്യാപനത്തിലുണ്ട്. ഉല്പന്നങ്ങളുടെ വില നിയന്ത്രണം ഇതോടെ സ്വകാര്യ കമ്പനികളുടെ കൈകളിലാകുമെന്നാണ് കര്‍ഷക സംഘടനകൾ ആരോപിക്കുന്നത്. 

ലൈസൻസുള്ള വ്യാപാരികൾക്ക് മാത്രമെ നിലവിൽ കര്‍ഷകരിൽ നിന്നും  വിളകൾ സംഭരിക്കാനുള്ള അവകാശം ഉള്ളു . ഈ വ്യവസ്ഥയാണ് മാറ്റുന്നത്.  രാജ്യത്ത് 85 ശതമാനം ചെറുകിട കര്‍ഷകരാണ് ഉള്ളത്.  അതിൽ വലിയൊരു ശതമാനം സ്വന്തമായി ഭൂമിയില്ലാത്ത പാട്ട കര്‍ഷകരാണ്. ഇവര്‍ക്ക് വേണ്ടിയിരുന്നത് വായ്പകൾ എഴുതി തള്ളുകയും കൃഷിയുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തിക സഹായവുമായിരുന്നു. ഇതിനുള്ള പ്രഖ്യാപനം വരും ദിവസങ്ങളിൽ വേണമെന്നും കർഷകർ നിർദ്ദേശിക്കുന്നു.

click me!