കസ്റ്റംസ് ക്ലിയറൻസിനായി കാത്തിരിക്കുന്ന ഗോതമ്പിന് നാടുവിടാം; ഇളവുമായി കേന്ദ്രം

By Web TeamFirst Published May 17, 2022, 4:39 PM IST
Highlights

ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തിന് പിന്നാലെ തിങ്കളാഴ്ച യൂറോപ്യൻ വിപണിയിൽ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു

ദില്ലി: ഗോതമ്പ് കയറ്റുമതി (Wheat export) നിരോധനത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മെയ് പതിമൂന്നിനാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയത്. മെയ് പതിമൂന്നിനോ  അതിന് മുമ്പോ കസ്റ്റംസ് ക്ലിയറൻസിനായി രജിസ്റ്റർ ചെയ്ത ഗോതമ്പ്, കയറ്റുമതി ചെയ്യുന്നതിൽ നിയന്ത്രണമില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. 

Read Also : സ്വന്തം ജനത്തെ കരുതി ഇന്ത്യ: ഗോതമ്പ് വിലക്ക് ചർച്ച ചെയ്യാൻ യുഎൻ

ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതിക്കും കേന്ദ്ര സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. കണ്ട്‌ല തുറമുഖത്ത് നിന്നും ഗോതമ്പ് ചരക്ക് കയറ്റാൻ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. ഈജിപ്തിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കമ്പനിയായ എം/എസ് മേരാ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 61,500 മെട്രിക് ടൺ ഗോതമ്പ് ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഏറ്റെടുത്തിരുന്നു. അതിൽ 44,340 മെട്രിക് ടൺ ഗോതമ്പ് ഇതിനകം ലോഡുചെയ്‌തു. 17,160 മെട്രിക് ടൺ മാത്രമാണ് ലോഡ് ചെയ്യാൻ അവശേഷിക്കുന്നത്. 61,500 മെട്രിക് ടൺ ഗോതമ്പും കയറ്റുമതി ചെയ്യാൻ സർക്കാർ തീരുമാനിക്കുകയും കണ്ടലയിൽ നിന്നും കയറ്റുമതി തുടരാൻ അനുമതി നൽകുകയും ചെയ്തു.

Read Also : ഫിക്സഡ് ഡെപോസിറ്റിന് ഇനി ഉയർന്ന പലിശ; നിരക്ക് വർധിപ്പിച്ച് ഫെഡറൽ ബാങ്ക്

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പണപ്പെരുപ്പം തടയുക എന്നീ കാര്യങ്ങളാണ് ഗോതമ്പ് കയറ്റുമതി നിരോധനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.  എന്നാൽ ഇന്ത്യയുടെ ഈ  തീരുമാനത്തിന് പിന്നാലെ തിങ്കളാഴ്ച യൂറോപ്യൻ വിപണിയിൽ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയിൽ കഴിഞ്ഞ മാസം ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. ഗോതമ്പിന്റെ വില കുതിച്ചുയർന്നിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇനിയും കയറ്റുമതി തുടർന്നാൽ ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടേണ്ടി വരുമെന്ന് വിമർശനം ഉയർന്നിരുന്നു. 

click me!