
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതി ഒരു വർഷം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. അടുത്ത വർഷം ഏപ്രിൽ വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. ചെറുകിട ഇടത്തരം സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ എളുപ്പത്തിൽ വായ്‌പ ലഭ്യമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി. കൂടാതെ, സിഎംഇഡിപി പദ്ധതിയിലെ വായ്‌പാപരിധി നിലവിലെ രണ്ടു കോടി രൂപയിൽനിന്ന് അഞ്ചു കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്. വായ്‌പ പലിശയിൽ അഞ്ചു ശതമാനം സബ്‌സിഡിയാണ്. ഇതിൽ മൂന്നു ശതമാനം സർക്കാരും രണ്ടു ശതമാനം കെഎഫ്‌സിയും വഹിക്കും. . ആറു ശതമാനം പലിശ മാത്രം സംരംഭകൻ നൽകിയാൽ മതി. ഇതുകൂടാതെ,പദ്ധതിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 50 ൽനിന്ന് 60 ആയി ഉയർത്തിയിട്ടുണ്ട്.
ഈ വർഷം പദ്ധതിയിൽ 500 സംരംഭങ്ങൾക്കുകൂടി വായ്‌പ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സിഎംഇഡിപി പദ്ധതി പ്രകാരം, 3101 സംരംഭങ്ങൾക്കായി 1046 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ഇവയിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 80,000-ലേറെ പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി യുടെ ഭാഗമായാണ് സിഎംഇഡിപി- എക്സ് സർവ്വീസ് മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതിയുമുണ്ട്. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്‍റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും.