പ്രളയത്തിലും ക്ഷീണിച്ചില്ല: കൊച്ചി വിമാനത്താവള അതോറിറ്റിക്ക് 167 കോടി ലാഭം

By Web TeamFirst Published Jun 29, 2019, 8:54 PM IST
Highlights

പ്രളയകാലത്ത് നീണ്ട 15 ദിവസം പൂർണ്ണമായും അടച്ചിട്ട വിമാനത്താവളം പക്ഷെ ഇത്തവണ മൊത്ത ആദായത്തിൽ വർദ്ധനവുണ്ടാക്കിയിരിക്കുകയാണ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി(സിയാൽ)ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 166.92 കോടി ലാഭം. 650.34 കോടിയുടെ ആകെ വിറ്റുവരവാണ് ഉണ്ടായത്. ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ച സിയാൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് കേരളത്തിൽ പ്രളയം ആഞ്ഞടിച്ചത്. ഈ സമയത്ത് നീണ്ട 15 ദിവസത്തോളം വിമാനത്താവളം അടച്ചിട്ടിരുന്നു. വിമാനത്താവളത്തിലും വെള്ളം കയറിയ നിലയിലായിരുന്നു. എന്നിട്ടും വിറ്റുവരവിൽ 17.52 ശതമാനം നേട്ടമുണ്ടാക്കാനായി. ലാഭത്തിൽ ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.

സിയാൽ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ൽ സർവ്വീസസ് ലിമിറ്റഡിന്റെ കൂടി വിറ്റുവരവ് ചേർത്താൽ ആകെ വിറ്റുവരവ് 807.36 കോടിയാണ്. 2017-18 കാലത്ത് 701.13 കോടിയായിരുന്നു ഇത്. ആ കാലത്തെ അറ്റാദായം 184.77 കോടിയായിരുന്നത് ഇക്കുറി 240.33 കോടിയായി ഉയർന്നു.

കേരള സർക്കാറിന് 32.41 ശതമാനം ഓഹരിയുള്ളതാണ് സിയാൽ വിമാനത്താവള കമ്പനി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാമത് നിൽക്കുന്ന വിമാനത്താവളമാണ് കൊച്ചിയിലേത്. ആകെ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഏഴാം സ്ഥാനമാണ് കൊച്ചിക്ക്. ഇതിന് പുറമെ  സമ്പൂർണ്ണ സൗരോർജ്ജ ക്ഷമത കൈവരിച്ച ലോകത്തിലെ ആദ്യത്തെ വിമാനത്താവളവുമാണ് നെടുമ്പാശേരിയിലേത്.

click me!