
കൊച്ചി: ട്രേഡ് യൂണിയനുകൾക്കെതിരെ നടപടിയെടുക്കാതെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ( investment friendly state) സർക്കാരിന്‍റെ അവകാശവാദം പൊള്ളയാണെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (Kochouseph Chittilappilly). സംസ്ഥാനത്ത് ഇത്തരം ജോലികൾക്കായി അതിഥി തൊഴിലാളികൾ എത്തുമ്പോൾ തൊഴിൽ നിഷേധമെന്ന ചുമട്ട് തൊഴിലാളികളുടെ വാദത്തിൽ ന്യായമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലേബർ കാർഡുള്ള തൊഴിലാളികളുമായി ഹൈക്കോടതി ഉത്തരവിന്‍റെ പിന്തുണയിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഭാര്യ ഷീലയും സ്വന്തം സ്ഥാപനത്തിന്‍റെ ഗോഡൗണിലെത്തുന്നത്. കമ്പനി തൊഴിലാളികളെ ട്രേഡ് യൂണിയൻ തൊഴിലാളികളെത്തി തടഞ്ഞ് കയ്യേറ്റം ചെയ്തതോടെ ഒടുവിൽ ഉടമകൾ തന്നെ ലോഡ് ഇറക്കി. ഇത് നടന്നത് 2011ൽ.
പത്ത് വർഷത്തിനിപ്പുറം കണ്ണൂർ മാതമംഗലത്തും,മാടായിലും,അഞ്ചലിലും,തിരുവനന്തപുരത്തും ആവർത്തിക്കുന്നത് ഒരേ കാഴ്ച. ഒരു പടി കൂടി കടന്ന് കൊടികുത്തി സ്ഥാപനം പൂട്ടിക്കാനും മാത്രം ശക്തരായി വളർന്നു സംസ്ഥാനത്ത് ട്രേഡ് യൂണിയനുകൾ. ലേബർ കാർഡുള്ള തൊഴിലാളികളുമായി ഉടമകൾ എത്തുമ്പോൾ തൊഴിൽ നിഷേധമെന്ന് പറഞ്ഞ് പ്രതിഷേധം. ഇവിടെ പണി ഇല്ലാഞ്ഞിട്ടാണോ അതിഥി തൊഴിലാളികൾ എത്തുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചോദിക്കുന്നു.
സംസ്ഥാന സർക്കാരും 2017ൽ ഹൈക്കോടതിയും നോക്ക് കൂലി നിരോധിച്ചു.എന്നാൽ ട്രേഡ് യൂണിയനുകൾ പിന്നോട്ട് പോയില്ല. സിഐടിയുവിന്‍റെ നേതൃത്വത്തിൽ എല്ലാ സംഘടനകളും ഇക്കാര്യത്തിൽ ഒരുമിച്ചായി. തൊഴിൽ നിഷേധമെന്ന ന്യായം പറഞ്ഞ് സംരംഭകരെ വട്ടം കറക്കി.അന്യായമായ തൊഴിൽ അവകാശത്തിന് വേണ്ടി മുറവിളി കൂട്ടി. കുറ്റക്കാരായ ട്രേഡ് യൂണിയൻ തൊഴിലാളികൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ചു. കേരളത്തിൽ ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന ചീത്തപ്പേര് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നുവെന്നും ഓർമിപ്പിച്ചു.പക്ഷേ എന്നിട്ടും ഒന്നും സംഭവിച്ചില്ല. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമെന്ന ഒരേ നിലപാട് സംസ്ഥാന സർക്കാർ ആവർത്തിച്ചു.ട്രേഡ് യൂണിയനുകളോട് മൃദു സമീപനം തുടർന്നു.
സംരംഭകരെ കേരളത്തിലേക്കെത്തിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളിലേക്ക് പറക്കുന്നതിനിടെയാണ് മാതമംഗലവും,മാടായിയും ഒക്കെ സംഭവിക്കുന്നത്. ട്രേഡ് യൂണിയൻ ചീത്തപ്പേരിന് മാറ്റമുണ്ടായില്ലെങ്കിൽ കേരളത്തിന്‍റെ നിക്ഷേപസാധ്യതകൾക്ക് മങ്ങലേൽക്കുമെന്ന് ഉറപ്പ്.