14 മാസത്തിനുള്ളില്‍ 35000 കോടി കടം തീര്‍ത്തെന്ന് അനില്‍ അംബാനി

By Web TeamFirst Published Jun 11, 2019, 2:04 PM IST
Highlights

ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനില്‍ അംബാനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. 

ദില്ലി: 14 മാസത്തിനുള്ളില്‍ 35000 കോടി രൂപയുടെ കടം തീര്‍ത്തെന്ന് റിലയന്‍സ്  ഗ്രൂപ്  ചെയര്‍മാന്‍ അനില്‍ അംബാനി. 2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മെയ് 31വരെയുള്ള കണക്കനുസരിച്ച് 24800 കോടി മുതലിലേക്കും 10600 കോടി രൂപ പലിശയിനത്തിലും നല്‍കി. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനില്‍ അംബാനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. റിലയന്‍സ് ഗ്രൂപിനെതിരെ അനാവശ്യമായി നടത്തിയ കുപ്രാചരണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്.  കാലാവധിക്കുള്ളില്‍ കടം തീര്‍ക്കുമെന്ന് അനില്‍ അംബാനി ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുകള്‍ വിറ്റാണ് കടം തീര്‍ത്തത്. വലിയ വെല്ലുവിളിയാണ് 14 മാസത്തിനുള്ളില്‍ മറികടന്നത്. റിലയന്‍സ് ഗ്രൂപ്പിന് വിവിധ കമ്പനികളില്‍നിന്ന് ലഭിക്കാനുള്ള 30000 കോടി ലഭ്യമാക്കുന്നതിന് കോടതിയും റഗുലേറ്ററി ബോര്‍ഡുകളും കൃത്യമായി നടപടി സ്വീകരിക്കുന്നില്ല. പലകേസുകളും പത്ത് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്നും അനില്‍ അംബാനി കുറ്റപ്പെടുത്തി. കമ്പനി വളര്‍ച്ചയിലേക്ക് കുതിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  

click me!