തമിഴ്‌നാട്ടിൽ നാല് ദിവസത്തേക്കുള്ള കൽക്കരി മാത്രം; പ്രതിസന്ധി അതീവ ഗുരുതരം

By Web TeamFirst Published Oct 10, 2021, 7:45 PM IST
Highlights

കേരളത്തിലേക്കടക്കം വൈദ്യുതിയെത്തുന്ന തമിഴ്നാട്ടിൽ നാല് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നതെന്ന് റിപ്പോർട്ട്. പ്രതിസന്ധിക്ക് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ കേരളമടക്കം തമിഴ്നാടിനെ ആശ്രയിക്കുന്ന പല സംസ്ഥാനങ്ങളും ഇരുട്ടിലാകും.

ചെന്നൈ: കേരളത്തിലേക്കടക്കം വൈദ്യുതിയെത്തുന്ന തമിഴ്നാട്ടിൽ നാല് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നതെന്ന് റിപ്പോർട്ട്. പ്രതിസന്ധിക്ക് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ കേരളമടക്കം തമിഴ്നാടിനെ ആശ്രയിക്കുന്ന പല സംസ്ഥാനങ്ങളും ഇരുട്ടിലാകും. തകരാർ പരിഹരിക്കാനാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗത്തും പവർ കട്ട് ഏർപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കൽക്കരി ക്ഷാമവും ജനസമക്ഷം എത്തിയിരിക്കുന്നത്. തമിഴ്നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കോർപറേഷന് കീഴിലെ അഞ്ച് താപ വൈദ്യുത നിലയങ്ങളിൽ 3.8 ദിവസത്തേക്കുള്ള വൈദ്യുതി മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനം കേന്ദ്രത്തെ ബന്ധപ്പെട്ടതായാണ് വിവരം.

കോൾ ഇന്ത്യയുടെ പിന്തുണയാണ് സംസ്ഥാനവും തേടിയിരിക്കുന്നത്. ഒഡിഷയിലെ പരദീപ് തുറമുഖത്ത് കെട്ടിക്കിടക്കുന്ന കൽക്കരി നൽകാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് സർക്കാരിലെ ഉന്നതർ തന്നെ ആരോപിക്കുന്നുണ്ട്. സംസ്ഥാനത്ത് സാധാരണ 23 ലക്ഷം ടൺ കൽക്കരിയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്പോഴുള്ളത് 2.63 ലക്ഷം ടൺ മാത്രം. ബുധനാഴ്ച വരെ 60265 ടൺ കൽക്കരി ഉപയോഗിച്ചു. എന്നാൽ ലഭിച്ചതാകട്ടെ 36255 ടൺ മാത്രവും. 5820 മെഗാവാട്ട് ശേഷിയാണ് സംസ്ഥാനത്തെ താപവൈദ്യുത നിലയങ്ങൾക്കുള്ളത്. 72000 ടൺ കൽക്കരിയാണ് ദിവസവും ആവശ്യമായുള്ളത്. തമിഴ്നാടിന് പുറമെ ദില്ലി, പഞ്ചാബ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരും കേന്ദ്രസർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്.

click me!