എല്ലാവർക്കും കൽക്കരി കൊടുക്കില്ല: പ്രതിസന്ധി കാലത്ത് നിർണായക നിലപാടുമായി കോൾ ഇന്ത്യ

By Web TeamFirst Published Oct 14, 2021, 8:14 PM IST
Highlights

കൽക്കരി ക്ഷാമം വൈദ്യുതോൽപ്പാദനത്തിന് വൻ പ്രതിസന്ധിയായിരിക്കെ നിർണായക തീരുമാനമെടുത്ത് കോൾ ഇന്ത്യ. ഇനി സാധാരണ പോലെ എല്ലാവർക്കും കൽക്കരി കൊടുക്കേണ്ടെന്നാണ് തീരുമാനം. 

ദില്ലി: കൽക്കരി ക്ഷാമം വൈദ്യുതോൽപ്പാദനത്തിന് വൻ പ്രതിസന്ധിയായിരിക്കെ നിർണായക തീരുമാനമെടുത്ത് കോൾ ഇന്ത്യ. ഇനി സാധാരണ പോലെ എല്ലാവർക്കും കൽക്കരി കൊടുക്കേണ്ടെന്നാണ് തീരുമാനം. അതായത് ഊർജ്ജ പ്രതിസന്ധി തീരുന്നത് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടി മാത്രമായിരിക്കും കൽക്കരി നൽകുകയെന്നാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ നിലപാട്.

ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനാണ് തീരുമാനം. വൈദ്യുതോൽപ്പാദന കമ്പനികൾക്ക് ഇപ്പോഴത്തെ നിലയിൽ കൽക്കരി വലിയ തോതിൽ ആവശ്യമുള്ളതിനാലാണിത്. എന്നാൽ കോൾ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം 58 ശതമാനം താപവൈദ്യുത നിലയങ്ങളും അതീവ ഗുരുതര പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെറും 14 ശതമാനം പ്ലാന്റുകൾക്ക് മാത്രമാണ് ആവശ്യത്തിന് കൽക്കരി കൈയ്യിലുള്ളതും സമയത്തിന് കൂടുതൽ കൽക്കരി ലഭിക്കുന്നതും. മറ്റുള്ളവയെല്ലാം പ്രതിസന്ധിയിലാണ്.

18 പ്ലാന്റുകളിൽ കൽക്കരി തീർന്നു. 26 പ്ലാന്റുകളിൽ ഒരു ദിവസത്തെ കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്. 17 പ്ലാന്റുകളിൽ രണ്ട് ദിവസത്തേക്ക് ആവശ്യമുള്ള കൽക്കരിയുണ്ട്. 18 ഓളം പ്ലാന്റുകളിൽ മൂന്ന് ദിവസത്തെ കൽക്കരിയാണ് ഉള്ളത്. 19 പ്ലാന്റുകളിൽ നാല് ദിവസത്തേക്കുള്ളതും 10 പ്ലാന്റുകളിൽ അഞ്ച് ദിവസത്തേക്കുള്ള കൽക്കരിയും 15 എണ്ണത്തിൽ ഏഴ് ദിവസത്തേക്കുള്ള കൽക്കരിയും സ്റ്റോക്കുണ്ട്.

രാജ്യത്തെ കൽക്കരി ഉൽപ്പാദനം കേന്ദ്രം വർധിപ്പിച്ചിരിക്കുകയാണ്. 12 ശതമാനമാണ് അധിക ഉൽപ്പാദനം. ഉപഭോഗം വർധിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം. അന്താരാഷ്ട്ര വില കഴിഞ്ഞ കുറേ കാലമായി ഉയർന്ന നിലയിലായിരുന്നുവെങ്കിലും രാജ്യത്ത് പല മേഖലകളും ലോക്ക്ഡൗണിലായതിനാൽ ഇത് കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ലോക്ക്ഡൗണിൽ പൂർണ ഇളവ് വന്നതോടെ ഉപഭോഗവും കൂടി. ഇതോടെ അന്താരാഷ്ട്ര വിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്യാനാവില്ലെന്ന സ്ഥിതിയിലായി ഊർജ്ജോൽപ്പാദകർ. അതോടെ തദ്ദേശീയമായി കൽക്കരി ഉൽപ്പാദിപ്പിക്കുന്ന കോൾ ഇന്ത്യയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ടായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

click me!