
ദില്ലി: അടുക്കളയ്ക്ക് തീപിടിക്കുന്ന നിലയിൽ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുമ്പോഴാണ് അതിനൊരു അൽപ്പം ആശ്വാസമെന്ന നിലയിൽ ഭക്ഷ്യ എണ്ണയുടെ വില കേന്ദ്രം കുറച്ചത്. എന്നാൽ അവസരം മുതലാക്കി മലേഷ്യ വില ഉയർത്തിയതോടെ സാധാരണക്കാർ പെട്ടു. കേന്ദ്രം കുറച്ച വിലയുടെ ആനുകൂല്യം ഇന്ത്യാക്കാർക്ക് കിട്ടില്ലെന്ന നിലയായി.
ഉപഭോക്താക്കൾക്ക് ഫെസ്റ്റിവൽ കാലത്ത് ആശ്വാസമാകാനാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. അംസംസ്കൃത പാമോയിലിനും സംസ്കരിച്ച പാമോയിലിനും ഇറക്കുമതി തീരുവ കുറച്ചാണ് കേന്ദ്രസർക്കാർ ഇടപെട്ടത്. ഇവയ്ക്ക് പുറമെ സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയ്ക്കുള്ള നികുതിയും കുറച്ചിട്ടുണ്ട്. 16.5 മുതൽ 19 ശതമാനം വരെയാണ് കേന്ദ്രം ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയത്.
ഈ തീരുമാനം ഒക്ടോബർ 14 മുതൽ 2022 മാർച്ച് 31 വരെ നിലവിലുണ്ടാകും. സെപ്തംബറിൽ പാമോയിൽ ഇറക്കുമതി 25 വർഷത്തെ ഉയർന്ന നിലയിലാണെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണിത്. അസംസ്കൃത പാമോയിലിന് ടണ്ണിന് 14000 രൂപയുടെ കുറവുണ്ടാകും. ക്രൂഡ് സോയാബീൻ എണ്ണയ്ക്കും ക്രൂഡ് സൺഫ്ലവർ എണ്ണയ്ക്കും ടണ്ണിന് 20000 രൂപ കുറയും.
റീടെയ്ൽ വില ആറ് മുതൽ എട്ട് രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ഇതുണ്ടാവില്ല. ഇന്ത്യയിൽ ഇറക്കുമതി തീരുവ കുറച്ചപ്പോൾ മലേഷ്യ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ വില ഉയർത്തിയതാണ് കാരണം. അടുത്ത ആറ് മാസം വരെ വിപണിയിൽ ഭക്ഷ്യ എണ്ണയുടെ വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ വില ടണ്ണിന് ആയിരം ഡോളറിലേറെയാണ്. ഒക്ടോബറിലും വില ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞാൽ മാത്രമേ റീടെയ്ൽ രംഗത്ത് ഉപഭോക്താക്കൾക്ക് ഇതിന്റെ ആനുകൂല്യം കിട്ടൂ.