
ശീതളപാനീയ കമ്പനിയായ കോക്കകോളയുടെ ഇന്ത്യന്‍ ബോട്ട്‌ലിങ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കോക്കകോള ബിവറേജസ് പ്രാഥമിക ഓഹരിവില്‍പനയ്ക്ക്. ഇതുവഴി ഏകദേശം 100 കോടി ഡോളര്‍ (ഏകദേശം 8,750 കോടി രൂപ) സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായാണ് സൂചന. ഏകദേശം 87,000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് ഹിന്ദുസ്ഥാന്‍ കോക്കകോള ബിവറേജസ്. ബാങ്കര്‍മാരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഓഹരി വില്‍പ്പനയ്ക്കായി ഔദ്യോഗികമായി ആരെയും നിയമിച്ചിട്ടില്ല. പദ്ധതി മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത വര്‍ഷം ഓഹരി വില്‍പ്പന ഉണ്ടാകാനാണ് സാധ്യത.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബ്രാന്‍ഡായ കാംപ കോളയില്‍ നിന്ന് കോക്കകോള കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ നിക്ഷേപം സമാഹരിക്കാനുള്ള ശ്രമവുമായി കൊക്കകോള രംഗത്തെത്തുന്നത്. ഒരു കാലത്ത് ഇന്ത്യയില്‍ ഏറെ ജനപ്രിയമായിരുന്ന കാംപ കോള റിലയന്‍സ് ഏറ്റെടുത്ത ശേഷം ശക്തമായ മല്‍സരമാണ് പ്രാദേശിക വിപണിയില്‍ കാഴ്ചവയ്ക്കുന്നത്.
ആഗോള കമ്പനികള്‍ അവരുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങളെ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതില്‍ വലിയ വര്‍ധനവാണ് അടുത്തിടെ രേഖപ്പെടുത്തുന്നത്. അടുത്തിടെ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ഓഹരി വിപണിയില്‍ പ്രവേശിച്ചിരുന്നു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടേസ്റ്റ്' എന്ന പേരില്‍ 1977-ലാണ് കാംപ കോള ആദ്യം പുറത്തിറക്കിയത്. 1970-കളില്‍ നിയമപരമായ കാരണങ്ങളാല്‍ കോക്കകോള ഇന്ത്യയില്‍ നിന്ന് പുറത്തുപോയപ്പോള്‍ കാംപ കോളയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. 1990-കളില്‍ വിദേശ ഉടമസ്ഥതയിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കോക്കകോള ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തി, തംസ് അപ്പ് പോലുള്ള ബ്രാന്‍ഡുകള്‍ ഏറ്റെടുത്ത് വിപണിയില്‍ ആധിപത്യം സ്ഥാപിച്ചു. ഇതോടെ കാംപ കോള വിസ്മൃതിയിലാവുകയായിരുന്നു.
ഇപ്പോള്‍ റിലയന്‍സാണ് കാംപ കോളയ്ക്ക് പുതുജീവന്‍ നല്‍കുന്നത്. കാംപ കോളയെ ആഗോളതലത്തില്‍ എത്തിക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത്.