തേക്കിന്റെ വാതിലടക്കം പറഞ്ഞതൊന്നും ഫ്ലാറ്റിലില്ല; ബിൽഡർ പരാതിക്കാർക്ക് നൽകേണ്ടത് ലക്ഷങ്ങളുടെ നഷ്ടപരിഹാരം

By Web TeamFirst Published Sep 18, 2021, 5:00 PM IST
Highlights

ബിൽഡർക്കെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച പരാതിയിൽ അനുകൂല വിധി. തൃശ്ശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വാസ്തു സുക്ത ബിൽഡേർസിനെതിരെ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്

തൃശ്ശൂർ: ബിൽഡർക്കെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച പരാതിയിൽ അനുകൂല വിധി. തൃശ്ശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വാസ്തു സുക്ത ബിൽഡേർസിനെതിരെ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. എറണാകുളം - തൃശ്ശൂർ ജില്ലകളുടെ അതിർത്തി പ്രദേശമായ അത്താണിയിൽ നിർമ്മിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ടാണ് പരാതി.

ഇപിഎൻ നായരും ഭാര്യ സരള എൻ നായരുമാണ് പരാതിക്കാർ. 2008 മെയ് 30 നാണ് അത്താണിയിലെ ഫ്ലാറ്റ് ഇവർ വാങ്ങിയത്. 20 മാസത്തിനുള്ളിൽ ഫ്ലാറ്റ് കൈമാറുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കിട്ടിയപ്പോഴേക്കും 2011 ഡിസംബർ 17 ആയി. കരാർ പ്രകാരം പാലിക്കേണ്ട പല കാര്യങ്ങളും ബിൽഡർമാർ പാലിച്ചില്ലെന്നാണ് പരാതി. വെള്ളം, വൈദ്യുതി എന്നിവയുടെ കണക്ഷനുകളിൽ തകരാർ ഉണ്ടെന്നാണ് ആരോപണം.

ഫ്ലാറ്റിന്റെ പ്രധാന വാതിൽ നേരത്തെ വാഗ്ദാനം ചെയ്തത് പോലെ തേക്ക് തടി കൊണ്ടല്ല നിർമ്മിച്ചതെന്നും പരാതിയിൽ പറയുന്നു.  എല്ലാ വാതിലുകളും ജനാലകളും ദിവസങ്ങൾ കഴിയും തോറും കേടുപാട് വരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. അഡ്വ എഡി ബെന്നിയാണ് പരാതിക്കാർക്ക് വേണ്ടി ഹാജരായത്.

പരാതിയുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി അഞ്ച് ചിത്രങ്ങളടക്കം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം കണ്ടെത്തി. ബിൽഡർ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിനെതിരെ ഒരു വാദവും ഉന്നയിച്ചില്ലെന്നും അത് തന്നെ പരാതിയിൽ കഴമ്പുണ്ടെന്നതിന്റെ തെളിവാണെന്നും വിധിയിൽ പറയുന്നു.

കമ്മീഷന്റെ ഉത്തരവ് പ്രകാരം വിധി കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം പരാതിക്കാർക്ക് നൽകണം. ഇതിന് പുറമെ നിയമ നടപടികളുടെ ചെലവായി 10000 രൂപയും ബിൽഡർ നൽകണം.

click me!