റീബിൽഡ് കേരളയുടെ രണ്ടാംഘട്ട തുകയും ജർമൻ ബാങ്ക് വായ്പയും കൊവിഡ് പ്രതിരോധത്തിലേക്ക്

Published : Apr 24, 2020, 06:15 AM IST
റീബിൽഡ് കേരളയുടെ രണ്ടാംഘട്ട തുകയും ജർമൻ ബാങ്ക് വായ്പയും കൊവിഡ് പ്രതിരോധത്തിലേക്ക്

Synopsis

രണ്ടാം ഘട്ട തുകയ്ക്കായി നീക്കങ്ങള്‍ നടത്തി വരവെയാണ് കൊവിഡിന്‍റെ വരവ്. 1800കോടിയോളം വരുന്ന രണ്ടാം ഘട്ട വായ്പ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാനാണ് നീക്കം. 

(തയ്യാറാക്കിയത്: കോഴിക്കോട്ടു നിന്ന് സന്ദീപ് തോമസ്)

കോഴിക്കോട്: റീബില്‍ഡ് കേരളയുടെ രണ്ടാംഘട്ട തുക സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി ചെലവിടും. ലോകബാങ്കില്‍ നിന്ന് 1800 കോടിയോളം രൂപയാണ് രണ്ടാം ഘട്ടമായി കേരളത്തിന് കിട്ടുക. പ്രളയപുനര്‍നിര്‍മാണത്തിനായി ജര്‍മന്‍ ബാങ്ക് അനുവദിക്കുന്ന 800 കോടിയും കൊവിഡ് പ്രതിരോധത്തിനായി നീക്കിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി 3600 കോടിയോളം രൂപയാണ് ലോകബാങ്ക് ദീര്‍ഘകാല വായ്പയായി അനുവദിച്ചത്. ഇതില്‍ 1726 കോടി രൂപ കിട്ടി. ജലസ്രോതസുകള്‍ സംരക്ഷിക്കാനും റോഡ് ശൃംഖല മെച്ചപ്പെടുത്താനുമായി ഈ തുക വിനിയോഗിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും നടപടികള്‍ നീണ്ടു. ലഭ്യമായ തുക സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ വകമാറ്റിയെന്ന വിമര്‍ശനവുമുയര്‍ന്നു. എന്നാല്‍ നിരവധി പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. 

രണ്ടാം ഘട്ട തുകയ്ക്കായി നീക്കങ്ങള്‍ നടത്തി വരവെയാണ് കൊവിഡിന്‍റെ വരവ്. 1800കോടിയോളം വരുന്ന രണ്ടാം ഘട്ട വായ്പ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാനാണ് നീക്കം. രണ്ടു മാസത്തിനകം ഈ തുക കിട്ടുമെന്നാണ് പ്രതിക്ഷയെന്ന് റീബില്‍ഡ് കേരള അധികൃതര്‍ പറഞ്ഞു. 

വായ്പ ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിക്കായി അനുവദിക്കുന്നതല്ലാത്തതിനാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടന്നാലുടന്‍ തുക നവ കേരള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാനാണ് തീരുമാനം. ജര്‍മന്‍ ബാങ്ക് നല്‍കാമെന്നേറ്റ 800 കോടി രൂപയും കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാനാകും സര്‍ക്കാര്‍ ചെലവിടുക. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിക്കുളളില്‍ നിന്ന് ഈ വായ്പകള്‍ സ്വീകരിക്കാനുമാകും. 

പലിശ കുറവെന്നതും തിരിച്ചടവിന് സാവകാശമുണ്ടെന്നതും നേട്ടമാണ്. കടപ്പത്രമിറക്കി എടുക്കുന്ന വായ്പകള്‍ക്ക് ഒമ്പത് ശതമാനം പലിശ നല്‍കേണ്ട സ്ഥാനത്ത് ഈ വായ്പകള്‍ക്ക് പലിശ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്. ലോകബാങ്ക് വായ്പയുടെ തിരിച്ചടവിന് 30 വര്‍ഷം വരെ സാവകാശം കിട്ടുകയും ചെയ്യും. അതേസമയം, വീണ്ടും മഴക്കാലം വരാനിരിക്കെ പ്രളയമേഖലകളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാകുമെന്ന ചോദ്യം ബാക്കി.

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ