ശമ്പളം, പെന്‍ഷന്‍ വിതരണം; വീണ്ടും കടമെടുക്കാതെ കേരളത്തിന് രക്ഷയില്ല, വേണ്ടത് 3,000 കോടി

By Web TeamFirst Published Apr 23, 2020, 7:23 AM IST
Highlights

എപ്രിൽ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവൻ തീർന്നു. ഇനി കയ്യിലുള്ളത് മാർച്ച് മാസത്തെ കേന്ദ്ര നികുതി വിഹിതമായ എണ്ണൂറ് കോടിയാണ്. 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞതോടെ എപ്രിൽ മാസത്തെ ശമ്പള, പെൻഷൻ വിതരണത്തിന് അടുത്തയാഴ്ച കേരളം വീണ്ടും കടമെടുക്കും. എപ്രിൽ ആദ്യം കടമെടുത്ത ആറായിരം കോടി മുഴുവൻ തീർന്നു. ഇനി കയ്യിലുള്ളത് മാർച്ച് മാസത്തെ കേന്ദ്ര നികുതി വിഹതമായ എണ്ണൂറ് കോടി മാത്രമാണ്. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ മേഖലക്കും വീതിച്ച് കഴിഞ്ഞാൽ മാസാവസാനം സംസ്ഥാന ഖജനാവ് കാലിയാകും. ഇതോടെയാണ് വീണ്ടും കടമെടുപ്പ്

കുറഞ്ഞത് 3,000കോടി രൂപ കടമെടുക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്നതാണ് കേരളത്തിലെ സ്ഥിതി. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതിലൂടെ ഒരു മാസത്തെ നേട്ടം 350കോടി മാത്രമാണ്. എത്രകോടി കടമെടുക്കണം എന്നതിൽ പോലും അനിശ്ചിതത്വം  നില നില്‍ക്കുകയാണ്.

ശമ്പളത്തിനും പെൻഷനുമായി 3500കോടി വേണമെന്നിരിക്കെ 3000കോടി കുറഞ്ഞത് കടമെടുക്കണം. മറ്റ് ചെലവുകൾ വേറെയുമുണ്ട്. അഞ്ച് മാസം കൊണ്ട് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം നേരിയ ആശ്വാസം മാത്രമാണ് സര്‍ക്കാരിന് നല്‍കുക. മാസം 350 കോടി വച്ച് 1800കോടിയോളം എത്തുമെന്നാണ് ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ. 

ഇത് താൽക്കാലികാശ്വാസം ആണെങ്കിലും ജീവനക്കാർക്ക് തിരികെ നൽകേണ്ട ഈ തുകയും കടമായി നിൽക്കും. അത്യാവശ്യഘട്ടത്തിൽ റിസർവ് ബാങ്കിൽ നിന്നും 2100 കോടി വരെ കുറഞ്ഞ പലിശക്ക് വായ്പയെടുക്കാൻ അവസരമുണ്ടെങ്കിലും മൂന്നാഴ്ചക്കുള്ളിൽ തിരിച്ചടക്കണമെന്ന വ്യവസ്ഥ കേരളത്തെ പിന്നോട്ടടിക്കുന്നു. 


 

click me!