
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്സ് ആപ്പിന്റെ അമരത്തിരിക്കാൻ ഇനി ഇന്ത്യക്കാരൻ. ക്രെഡ് (CRED) സ്ഥാപകൻ കുനാൽ ഷാ ആണ് പുതിയ മേധാവി. മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസ് (Meta Platforms, Inc) ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡിൽ 900 ദശലക്ഷം ഡോളർ (ഏകദേശം 8,550 കോടി രൂപ) നിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വൻ പ്രഖ്യാപനം. സീരീസ് എച്ച് (Series H) ഫണ്ടിങ് റൗണ്ടിലൂടെയാണ് മെറ്റാ ഈ വൻ നിക്ഷേപം നടത്തിയത്. ഇതോടെ ക്രെഡിന്റെ 20 ശതമാനത്തോളം ഓഹരികൾ മെറ്റയ്ക്ക് സ്വന്തമാകും. പുതിയ നിക്ഷേപത്തോടെ ക്രെഡിന്റെ ആകെ മൂല്യം 4.5 ബില്യൺ ഡോളറായി (ഏകദേശം 43,239 കോടി രൂപ) ഉയർന്നു. ഒരു ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപ ഇടപാടുകളിലൊന്നാണിത്.
പുതിയ കരാറിന്റെ ഭാഗമായി കുനാൽ ഷാ ക്രെഡിന്റെ ചീഫ് എക്സിക്യൂട്ടീവ് (CEO) പദവി ഒഴിഞ്ഞ് മെറ്റയുടെ ആഗോള നേതൃത്വ നിരയുടെ ഭാഗമാകും. എന്നാൽ കമ്പനിയിലുള്ള തന്റെ വ്യക്തിപരമായ ഓഹരികൾ അദ്ദേഹം നിലനിർത്തും. കഴിഞ്ഞ ഏഴ് വർഷത്തോളമായി വാട്‌സാപ്പ് മേധാവിയായിരുന്ന വിൽ കാത്കാർട്ട് സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് കുനാൽ ഷാ ഈ പദവിയിലെത്തുന്നത്.
കുനാൽ ഷാ മാറുന്നതോടെ, 2020 മുതൽ ക്രെഡിന്റെ സ്ട്രാറ്റജി ആൻഡ് ഫിനാൻസ് വിഭാഗം മേധാവിയായ മിറ്റൻ സമ്പത്ത് (Miten Sampat) കമ്പനിയുടെ ഇടക്കാല സിഇഒ ആയി ഉടൻ ചുമതലയേൽക്കും. കമ്പനി ഐപിഒയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ നേതൃമാറ്റം.
ക്രെഡ് അതിന്റെ അടുത്ത ഘട്ട വളർച്ചയിലേക്ക് കടക്കാൻ സജ്ജമായിക്കഴിഞ്ഞു. ഞാൻ സിഇഒ സ്ഥാനത്ത് നിന്ന് മാറുന്നു, മിറ്റൻ സമ്പത്ത് ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് കുനാൽ ഷാ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ആയ എക്സിൽ കുറിച്ചു. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ക്രെഡ് പൂജ്യത്തിൽ നിന്നും 1.7 കോടി (17 million) ഉപഭോക്താക്കളിലേക്ക് വളർന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തെ ഏറ്റവും പ്രമുഖനായ വ്യക്തികളിൽ ഒരാളാണ് കുനാൽ ഷാ. 1983 മേയ് 20-ന് മുംബൈയിലെ ഒരു സാധാരണ ഗുജറാത്തി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. മുംബൈ വിൽസൺ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി. പിന്നീട് എൻഎംഐഎംഎസിൽ എംബിഎയ്ക്ക് ചേർന്നുവെങ്കിലും ബിസിനസ് ലക്ഷ്യങ്ങൾക്കായി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം ജോലി ചെയ്തു തുടങ്ങിയിരുന്നു.
2009-ൽ 'പൈസാബാക്ക്' (PaisaBack) എന്ന ക്യാഷ്ബാക്ക് കമ്പനി തുടങ്ങിയായിരുന്നു തുടക്കം. ഇത് പിന്നീട് 2010-ൽ സന്ദീപ് ടാണ്ടനുമായി ചേർന്ന് 'ഫ്രീചാർജ്' (FreeCharge) എന്ന പേരിൽ റീചാർജ് പോർട്ടലാക്കി മാറ്റി. 2015-ൽ സ്നാപ്ഡീൽ (Snapdeal) ഫ്രീചാർജിനെ 2,800 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇതിന് ശേഷം 2018-ലാണ് ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നവർക്ക് റിവാർഡുകൾ നൽകുന്ന 'ക്രെഡ്' (CRED) എന്ന സ്റ്റാർട്ടപ്പിന് അദ്ദേഹം തുടക്കമിടുന്നത്.