
ദില്ലി : ഇന്റിഗോ (IndiGo) വിമാനക്കമ്പനിക്കെതിരെ നടപടിയുമായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ. ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ വിമാനത്തിൽ കയറ്റാതിരുന്നതിനെ തുടർന്നാണ് നടപടി. അഞ്ച് ലക്ഷം രൂപയാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (Directorate General of Civil Aviation) ഇന്റിഗോ വിമാനക്കമ്പനിക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിൽ വെച്ച് ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്ര ചെയ്യാനുള്ള അവസരം ഇന്റിഗോ വിമാനക്കമ്പനി നിഷേധിച്ചിരുന്നു.
Read Also : Milma : ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി
സംഭവം വിവാദമായതോടുകൂടി വിശദമായ അന്വേഷണം നടത്താൻ ഡിജിസിഎ (DGCA) മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎ കമ്പനിയോട് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പിന്നീട് നേരിട്ട് വാദം കേട്ട ശേഷമാണ് ഇന്റിഗോയ്ക്ക് പിഴ ചുമത്താൻ ഡിജിസിഎ തീരുമാനിച്ചത്. ഇന്റിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തതിൽ ഗുരുതരമായ പിഴവുണ്ടായെന്നും ഇതാണ് കുട്ടിക്ക് യാത്ര നിഷേധിക്കപ്പെടാൻ കാരണമെന്നും ഡിജിസിഎ കണ്ടെത്തി.
Read Also : വ്യാജ റിവ്യൂ ഇട്ടാൽ ഇനി കുടുങ്ങും; ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കായി പുതിയ സംവിധാനം ഒരുക്കാൻ കേന്ദ്രം
അൽപ്പം കൂടി സഹാനുഭൂതി ജീവനക്കാർക്ക് തന്നോട് കാട്ടാമായിരുന്നുവെന്നാണ് പരാതിക്കാരനായ കുട്ടി പറഞ്ഞത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ യാത്രക്കാരനോളം വിമാനത്തിന് വെല്ലുവിളിയാണ് ഈ കുട്ടിയെന്ന് ആരോപിച്ചാണ് മെയ് ഏഴിന് ഇന്റിഗോ മാനേജർ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചത്. ഇതേ തുടർന്ന് കുട്ടിക്കും മാതാപിതാക്കൾക്കും ഹൈദരാബാദിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ ദൃക്സാക്ഷിയായ മറ്റൊരാൾ ഇത് ട്വിറ്ററിലൂടെ പങ്കുവെച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Read Also : പണമിടപാടുകൾ 20 ലക്ഷത്തിൽ കൂടുതൽ ആണോ? പാൻ, ആധാർ വിവരങ്ങൾ നിർബന്ധം